വ്യാജ അഭിഭാഷക സെസിക്ക് വേണ്ടി  ഹാജരാവരുതെന്ന്  അഭിഭാഷകർക്ക്  ആലപ്പുഴ ബാർ അസോസിയേന്റെ കർശന നിർദ്ദേശം 

Saturday 24 July 2021 11:16 AM IST

ആലപ്പുഴ: വ്യാജ അഭിഭാഷക സെസി സേവ്യറുടെ വക്കാലത്ത് ആലപ്പുഴ ബാർ അസോസിയേഷനിലെ ആരും ഏറ്റെടുക്കരുതെന്ന് ജനറൽ ബോഡി യോഗം കർശന നിർദേശം നൽകി. വക്കാലത്തെടുക്കുന്നവരെ അസോസിയേഷനിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം.

സെസി കേസ് വിവാദത്തിലായ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം ഇന്നലെ ചേർന്നത്. സെസിക്ക് വേണ്ടി കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായ അഭിഭാഷകരായ ഫ്രാൻസിസ് മംഗലത്തെയും പി.ടി.ബിന്ദുരാജിനെയും യോഗം വിമർശിച്ചു. മുതിർന്ന അഭിഭാഷകരുമായി കൂടിയോലോചിച്ചു വേണം മറ്റു നടപടികൾ സ്വീകരിക്കാൻ. സംഭവം അപമാനമായ സാഹചര്യത്തിൽ വിശദാംശങ്ങൾ സംബന്ധിച്ച് അഭിഭാഷകർ മാദ്ധ്യമങ്ങളിൽ പ്രതികരണം നടത്തരുതെന്നും യോഗം തീരുമാനിച്ചു.

സെസിക്ക് അംഗത്വം നൽകിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ പരസ്പരം പഴിചാരലും വാക്കു തർക്കങ്ങളും യോഗത്തിലുണ്ടായി. കേസ് സംബന്ധിച്ച് കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കേണ്ടതില്ലെന്നാണ് തീരുമാനം. സെസി വഹിച്ചിരുന്ന അസോസിയേഷൻ ലൈബ്രേറിയൻ സ്ഥാനത്തേക്ക് അംഗം റിഷ്ന റഹീമിനെ നിയോഗിച്ചു.

വക്കീൽ ഹാജർ!

എത്ര ക്രിമിനൽ പശ്ചാത്തലമുള്ള ആളായാലും നിയമപരിരക്ഷ നൽകാനുള്ള അവകാശം അഭിഭാഷകർക്കുണ്ടെന്നാണ് മറ്റൊരു വാദം. എ.എസ്. മുഹമ്മദ് റാഫി വെഴ്സസ് സ്റ്റേറ്റ് ഒഫ് തമിഴ്നാട് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഇക്കാര്യത്തിൽ നിലനിൽക്കുന്നുണ്ട്. ഇത് പ്രകാരം ബാർ അസോസിയേഷൻ ഉയർത്തുന്ന എതിർപ്പിന് നിയമപരമായ നിലനിൽപ്പുണ്ടാവില്ല. സെസി കേസിൽ ആലോചിച്ച് തീരുമാനമെടുക്കാനാണ് ഇവർക്ക് വേണ്ടി കഴിഞ്ഞ ദിവസം ഹാജരായ അഭിഭാഷകരുടെ തീരുമാനം.