പെഗാസസ് കാരണം ലോകത്തിൽ ആളുകൾ സുരക്ഷിതരായി ഉറങ്ങുകയും തെരുവുകളിലൂടെ നടക്കുകയും ചെയ്യുന്നു, തങ്ങളുടെ അതുല്യ ഉത്പന്നത്തെ കുറിച്ച് കമ്പനി

Saturday 24 July 2021 3:19 PM IST

ന്യൂഡൽഹി : പെഗാസസ് ഈ പേരു കേൾക്കാത്ത കുട്ടികൾ പോലും ഉണ്ടാവുകയില്ല. ലോകത്തിന്റെ വിവിധ കോണുകളിൽ കൊവിഡ് കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും ചർച്ച ഈ പേരിനെ കുറിച്ചാണ്. വ്യക്തികളുടെ ഔദ്യോഗിക രേഖകൾ ചോർത്തുന്നതിനായി ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ പണം നൽകി പെഗാസസിനെ ഉപയോഗിച്ചു എന്നാണ് ആരോപണം. വിമർശനങ്ങളുടെ കുന്തമുനയിൽ നിൽക്കുമ്പോൾ ഇസ്രായേലി സൈബർ സുരക്ഷാ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് തങ്ങളുടെ അതുല്യ ഉത്പന്നത്തെ കുറിച്ചുള്ള വിമർശനങ്ങൾക്ക് തടയിടുന്നത് ഒറ്റ വാചകം കൊണ്ടാണ്. ലോകത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ സുരക്ഷിതരായി ഉറങ്ങുകയും തെരുവുകളിലൂടെ നടക്കുകയും ചെയ്യുന്നത് ഇതുപോലെയുള്ള ചാര സോഫ്റ്റ്‌വെയറുകൾ കൊണ്ടാണ്.

തങ്ങളുടെ ക്ലയന്റുകൾ ശേഖരിക്കുന്ന ഡാറ്റയിലേക്ക് ഒരിക്കലും പ്രവേശിക്കില്ലെന്ന്, മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാറില്ലെന്നും കമ്പനി ഉറപ്പ് നൽകുന്നു. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ മാദ്ധ്യമപ്രവർത്തകർ, മനുഷ്യാവകാശ സംരക്ഷകർ, രാഷ്ട്രീയക്കാർ, മറ്റുള്ളവർ എന്നിവരുടെ രേഖകൾ ചോർത്തി ചാരപ്പണി നടത്താൻ പെഗാസസിനെ ഉപയോഗിച്ചു എന്ന ആരോപണം ഉയരുമ്പോഴാണ് കമ്പനി കൈകഴുകുന്നത്.

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ പെഗാസസ് ഉപയോഗിച്ചാണ് തീവ്രവാദികൾ, മയക്കുമരുന്ന് അധോലോക രാജാക്കൻമാരെ തുറങ്കിലടച്ചിട്ടുള്ളത്. ഭീകര പദ്ധതികൾ തകർത്തിട്ടുള്ളത്. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സാങ്കേതിക വിദ്യയുള്ള ഇക്കാലത്ത് പെഗാസസ് മികച്ച സേവനമാണ് നൽകുന്നത്.

ഇന്ത്യയിൽ പെഗാസസിനെ ഭരണകൂടങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്ന പ്രതിപക്ഷത്തിന്റെയടക്കം ആരോപണമുയർന്നപ്പോഴും ഗുരുതരമായ കുറ്റകൃത്യങ്ങളും ഭീകരതയും തടയുന്നതിനല്ലാതെ മറ്റൊരാവശ്യത്തിനും ഉപയോഗിക്കരുതെന്ന് കരാറുണ്ടെന്നാണ് കമ്പനി 2019 ഒക്ടോബറിൽ പിടിഐക്ക് നൽകിയ രേഖാമൂലമുള്ള പ്രതികരണത്തിൽ പറഞ്ഞിട്ടുള്ളത്. സുരക്ഷിതമായ ഒരു ലോകം സൃഷ്ടിക്കാൻ സഹായിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. എന്തെങ്കിലും ദുരുപയോഗം കണ്ടെത്തിയാൽ നടപടിയെടുക്കും എന്നും ഉറപ്പ് നൽകിയിട്ടുണ്ട്. അപ്പോഴും ഇന്ത്യയ്ക്ക് ഈ സോഫ്റ്റ്‌വയർ വിറ്റിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ കമ്പനി തയ്യാറായിരുന്നില്ല.

എന്നാൽ ഇപ്പോൾ പതിനാലോളം രാജ്യങ്ങളിൽ നിന്നും സമാനമായ എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ പെഗാസസിന്റെ ഉപയോഗത്തെ കുറിച്ച് പഠിക്കാൻ ഇസ്രായേൽ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
എൻഎസ്ഒയുടെ ചീഫ് എക്സിക്യൂട്ടീവ് ഷാലെവ് ഹുലിയോ ഈ നടപടിയെ സ്വാഗതം ചെയ്തിട്ടുമുണ്ട്.