എനിക്ക് ഞാനായി ജീവിക്കണം
ഓഫീസിലെ തിരക്കു കഴിഞ്ഞ് ഇറങ്ങുമ്പോൾ മണി ഏഴു കഴിഞ്ഞിരുന്നു. കാറിൽ കയറിയതും റേഡിയോ ഓൺ ചെയ്തു.
ഒരു പ്രഭാഷണത്തിന്റ അവസാന ഭാഗം. 'നിങ്ങൾ നിങ്ങളായിരിക്കുക, എങ്കിൽ ജീവിതത്തിൽ സന്തോഷവും സമാധാനവും നിങ്ങളെ തേടിയെത്തും." ആഹാ...എന്തു മനോഹരമായ ആശയം. എങ്ങനെയാണ് ഞാൻ ഞാനായിരിക്കുക. ഞാൻ ഞാനായിരിക്കാൻ എന്താണ് ചെയ്യണ്ടതെന്ന് മാത്രം പിടികിട്ടിയില്ല. എന്റെ ഇഷ്ടത്തിന്, ആരോടും ഒന്നിനും ഉത്തരം പറയാതെ, ഇഷ്ടമുള്ളത് ചെയ്ത്, ഇഷ്ടമുള്ളിടത്ത് പോയി, ഇഷ്ടമുള്ളത് കഴിച്ച്, ഇഷ്ടം പോലെ ജീവിക്കണം. അങ്ങനെ ആയാൽ എനിക്ക് ഞാനായി ജീവിക്കാനാവുമോ? എന്തായാലും നാളെ മുതൽ അങ്ങനൊരു ജീവിതം തുടങ്ങാം.
വീട്ടിലെത്തി. ഭാര്യയോടും കുട്ടികളോടും പറഞ്ഞു. ഇനി എന്നെ ആരും ശല്യം ചെയ്യരുത്. എനിക്ക് ഞാനായി എന്റെ ഇഷ്ടത്തിന് ജീവിക്കണം. നിങ്ങളുടെ ഒരു കാര്യത്തിലും ഞാൻ ഇടപെടില്ല. അതു പോലെ നിങ്ങളും ഇടപെടരുത്.
ഭാര്യയും മക്കളും അയാളെ നോക്കി നിന്നു. അവർക്ക് ഒരു പിടിയും കിട്ടുന്നില്ല.
തൊട്ടടുത്ത ദിവസം രാവിലെ അഞ്ചിന് പതിവുപോലെ അലാറം മുഴങ്ങി. എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴാണ് ഇന്നു മുതൽ ആരംഭിക്കേണ്ട പുതിയ ജീവിത രീതിയെക്കുറിച്ച് ഓർത്തത്. മറ്റുള്ളവർക്ക് വേണ്ടി ഒന്നും ചെയ്യേണ്ട. തനിക്ക് ഒമ്പതുമണിക്ക് ഓഫീസിലേക്ക് ഇറങ്ങിയാൽ മതി. എട്ടുമണിവരെയെങ്കിലും ഉറങ്ങാം. അയാൾ വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ടു. അടുക്കളയിലെ ബഹളം കേട്ടില്ലെന്ന് നടിച്ചു. പുലർച്ചെ എഴുന്നേറ്റ് ഭാര്യയെ സഹായിക്കുന്നതാണ്. പച്ചക്കറി അരിയൽ, പാത്രം കഴുകൽ, വാഷിംഗ് മെഷീനിൽ നിന്ന് തുണിയെടുത്ത് ഉണങ്ങാനിടൽ, കുട്ടികളെ റെഡിയാക്കൽ അങ്ങനെ എല്ലാം. അവൾക്കും കുട്ടികൾക്കും 8.30 ന് ഇറങ്ങണം. ഒമ്പതിനാണ് സ്കൂളിൽ ക്ളാസ് തുടങ്ങുന്നത്. കുട്ടികൾ പഠിക്കുന്ന സ്കൂളിലെ തന്നെ ടീച്ചറാണ് അവൾ. എട്ടിന് ഉറങ്ങിയെഴുന്നേറ്റു. കുട്ടികൾ റെഡിയായിട്ടില്ല. അയാൾക്ക് ടെൻഷനായി. വണ്ടി വരാൻ ഇനി 15 മിനുറ്റേയുള്ളു. അപ്പോഴേക്കും അവർക്ക് റെഡിയാകാനാകില്ല. എന്തെങ്കിലുമാകട്ടെ. ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. യൂണിഫോം അയേൺ ചെയ്തിട്ടില്ലാന്നൊക്കെ പറഞ്ഞ് കുട്ടികൾ പിന്നാലെ നടക്കുന്നുണ്ട്. കേട്ട ഭാവം നടിച്ചില്ല. പക്ഷേ, മനസിൽ എന്തോ ഒരു അസ്വസ്ഥത. സമയം വൈകിയതിനാൽ അവർ ഓട്ടോ പിടിച്ചാണ് പോയത്. സ്കൂളിലെത്താൻ വൈകിയിട്ടുണ്ടാകുമെന്ന് ഉറപ്പ്. പ്രധാനാദ്ധ്യാപകനിൽ നിന്ന് അവൾക്കും വഴക്ക് കേട്ടുകാണും. പക്ഷെ, അതൊന്നും എന്നെ ബാധിക്കുന്നില്ല. കുളി കഴിഞ്ഞ് വന്നപ്പോളാണ് തന്റെ ഡ്രസ് അയേൺ ചെയ്തിട്ടില്ലന്ന കാര്യം ശ്രദ്ധിച്ചത്. സാധാരണ അവളാണ് അതൊക്കെ ചെയ്യാറ്. അവൾ ഇറങ്ങുമ്പോൾ ശ്രദ്ധിച്ചിരുന്നു. അവളുടെ ചുരിദാറും ചുളുങ്ങിയിരുന്നു. ബ്രേക്ക്ഫാസ്റ്റിന് ചെന്നപ്പോൾ ടേബിളിൽ ഒന്നും കാണാനില്ല. അടുക്കളയിൽ എല്ലാം വാരിവലിച്ചിട്ടിരിക്കുന്നു. ഒരു മൂലയിൽ കാസ്രോളിൽ പുട്ടും കടലക്കറിയും. അടുപ്പിലെ പാത്രത്തിൽ തണുത്ത ചായയുണ്ട്. തണുത്ത ചായയും ഉണങ്ങിയ പുട്ടും. വിശപ്പിനെ ഓർത്ത് മാത്രം കഴിച്ചു. ആകെപ്പാടെ ഒരു ഉത്സാഹക്കുറവ്. ഒരു സന്തോഷം തോന്നുന്നില്ല. ടേബിളിൽ ഭാര്യ ഇതൊന്നും കൊണ്ട് വയ്ക്കാഞ്ഞതിൽ തെല്ലൊരു ഈർഷ്യ തോന്നി . വീടുപൂട്ടി ഇറങ്ങുമ്പോഴേക്കും സമയം വൈകി. ആദ്യമായി ഓഫീസിൽ വൈകിയെത്തി. ബോസിന്റെ കറുത്ത മുഖം കാണേണ്ടി വന്നു. രാവിലെ നേരത്തെ അയക്കേണ്ട ഒരു ഫയൽ തന്റെ ടേബിളിലായിരുന്നു. രാവിലെ തന്നെ സമാധാനം പോയി. 'ഞാൻ ഞാനായി ജീവിക്കാൻ തുടങ്ങിട്ട് ഒരു മാസം കഴിഞ്ഞു," സന്തോഷമോ സമാധാനമോ കിട്ടുന്നില്ലന്ന് മാത്രമല്ല, ഇതെല്ലാം തന്നിൽ നിന്ന് അകന്ന് പോയതുപോലെ അയാൾക്ക് തോന്നി. ഭാര്യയും മക്കളും തന്നോട് സംസാരിക്കുന്നേയില്ല. ആദ്യത്തെ ഒന്ന് രണ്ടാഴ്ച കുട്ടികൾ വന്ന് സംസാരിക്കുമ്പോൾ താൻ അത് ശ്രദ്ധിക്കാതിരുന്നു. എനിക്ക് വേണ്ടി ജീവിക്കേണ്ട സമയം കുറച്ച് അവർക്കായി ചെലവഴിക്കേണ്ടി വരുമോയെന്നതായിരുന്നു കാരണം. പിന്നീട് അവരും തന്റെടുത്തേക്ക് വരാതായി. ഭാര്യ പലപ്പോഴും പല അത്യാവശ്യകാര്യങ്ങളെ പറ്റിയും ഓർമ്മിപ്പിച്ച് അടുത്തു വന്നിരുന്നു. കറന്റ്ബില്ല്, ഫോൺബില്ല്, കുട്ടികളുടെ പഠിപ്പ് ,ബാങ്കിലെ ലോൺ.... പക്ഷേ അയാൾ ഒന്നും ശ്രദ്ധിച്ചില്ല. ക്രമേണ അവളും ഒന്നും പറയാതെയായി. പയ്യെ പയ്യെ അവളും പിന്നെ ഒന്നും പറയാതായി. ജീവിതം വിരസമായാണ് നീങ്ങുന്നതെന്നയാൾക്ക് തോന്നിത്തുടങ്ങി. മാറ്റം വരുമായിരിക്കും. ഒരു ദിവസം ഓഫീസ് വിട്ട് വീട്ടിലെത്തുമ്പോൾ ഒരു സമ്മേളനത്തിനുള്ള ആളുണ്ടവിടെ. ഭാര്യയുടെ അച്ഛനും അമ്മയും സഹോദരനും കൂടാതെ തന്റെ വീട്ടുകാരും സുഹൃത്തുക്കളും എല്ലാവരുമുണ്ട്. ഭാര്യയുടെ കണ്ണുകൾ കരഞ്ഞ് കലങ്ങിയിരിക്കുന്നു. വീട്ടിലേക്ക് കയറാൻ തുടങ്ങിയതും അമ്മ എന്റെ മോനെന്ത് പറ്റിപ്പോയെന്ന് പറഞ്ഞ് ഒറ്റക്കരച്ചിലായിരുന്നു. അച്ഛൻ പറഞ്ഞു. നമുക്ക് ഡോക്ടർ പോളിന്റെ അടുത്തൊന്ന് പോണം. പേരുകേട്ട സൈക്യാർട്ടിസ്റ്റാണ്. മറുത്തൊന്നും പറഞ്ഞില്ല. എതിർത്തിട്ട് കാര്യമില്ലെന്ന് മനസിലായി. എതിർത്താൽ പിടിച്ചുകൊണ്ടുപോകുന്ന അവസ്ഥയിലായി കാര്യങ്ങൾ. ഡോക്ടറുടെ മുന്നിലെത്തി. എന്താണ് പ്രശ്നം? ഡോക്ടർ ചോദിച്ചു. കുറച്ച് നേരം ഒന്നും മിണ്ടിയില്ല. ഡോക്ടർ ആവർത്തിച്ചു. കാറിൽ കയറി പ്രഭാഷണത്തിന്റെ അവസാന ഭാഗം കേട്ടതുമുതലുള്ള കാര്യങ്ങൾ ഡോക്ടറോട് അയാൾ തുറന്നു പറഞ്ഞു. ഡോക്ടറുടെ മറുപടി പെട്ടെന്നായിരുന്നു. എന്നിട്ടെന്തായി. സന്തോഷവും സമാധാനവും കിട്ടിയോ? അയാൾ മിണ്ടിയില്ല. തല കുമ്പിട്ടിരുന്നു. ഉത്തരമൊന്നും പറയാതെ തല കുമ്പിട്ടിരുന്നു. സാരമില്ല. പോട്ടെ. നിങ്ങളെപ്പോലെ ഒരുപാടുപേരെ ഞാൻ കണ്ടിട്ടുണ്ട്. എന്തെങ്കിലും എവിടുന്നെങ്കിലും കേൾക്കും. അതിന്റെ ശരിയായ അർത്ഥവും വ്യാപ്തിയും മനസിലാക്കാതെ അതിന്റെ പിന്നാലെ പോയി വിഡ്ഢികളെപ്പോലെ ജീവിക്കുന്നവർ. എന്തു കാര്യമായാലും നമ്മുടെ ജീവിതത്തിൽ പകർത്തുമ്പോൾ വ്യക്തമായി പഠിക്കണം. അറിയണം. അല്ലാതെ എന്തെങ്കിലും, എവിടുന്നേലും കേട്ടാൽ അതിന്റെ പിന്നാലേ പോകരുത്. സത്യത്തിൽ നിങ്ങൾ എന്താണ് ചെയ്തത്. നിങ്ങൾ നിങ്ങളായി ജീവിച്ചതല്ല. നിങ്ങൾ നിങ്ങൾക്കായി മാത്രമാണ് ജീവിക്കാൻ ശ്രമിച്ചത്. മാത്രമല്ല ഭാര്യയേയും മക്കളേയും അവഗണിക്കുകയും ചെയ്തു. ഡോക്ടർ കൂടുതൽ പറയും മുമ്പെ അയാൾ മുഖം പൊത്തി കരയാൻ തുടങ്ങി. തനിക്ക് പറ്റിയ തെറ്റ് അയാൾ തിരിച്ചറിഞ്ഞു. നമ്മൾ നമുക്ക് വേണ്ടി ജീവിക്കുമ്പോഴല്ല. നമ്മൾ മറ്റുള്ളോർക്കും കൂടി വേണ്ടി ജീവിക്കുമ്പോഴാണ് ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്; സന്തോഷവും സമാധാനവും ഉണ്ടാകുന്നത്. നിങ്ങൾക്ക് യാതൊരു ചികിത്സയുടെയും ആവശ്യമില്ല. തിരിച്ചറിവാണ് പ്രധാനം. അത് നിങ്ങൾക്കുണ്ടായല്ലോ. ഡോക്ടർ പറഞ്ഞു നിറുത്തി. അയാളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി. കുറ്റബോധം വല്ലാതെ അയാളെ വേട്ടയാടി. ഇനി വീട്ടിലെത്തിയാൽ ഭാര്യയും മക്കളും... സാരമില്ല, ഞാൻ അവരോട് കാര്യങ്ങൾ പറഞ്ഞോളാം. സന്തോഷത്തോടെ പോയിക്കോളൂ. നഷ്ടപ്പെട്ട സന്തോഷവും സമാധാനവും പെട്ടെന്ന് തിരിച്ചുവരും. ഡോക്ടറുടെ മുറിയിൽ നിന്നും അയാൾ പുറത്തിറങ്ങി. വീടെത്താനുള്ള ഓട്ടത്തിലായിരുന്നു മനസപ്പോൾ.