എരഞ്ഞോളി ഹിന്ദി മേം ബോൽ രഹേ ...

Saturday 24 July 2021 8:40 PM IST
എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീഷ അതിഥി തൊഴിലാളികൾക്കൊപ്പം

തലശ്ശേരി:ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെയും ഹിന്ദി പഠിപ്പിക്കാനുള്ള തീരുമാനവുമായി എരഞ്ഞോളി ഗ്രാമപഞ്ചായത്ത്. രാഷ്ട്രഭാഷാപദവിയുള്ളതുകൊണ്ടല്ല ഹിന്ദിയുടെ പിറകെ ഇവർ വച്ചുപിടിച്ചിരിക്കുന്നത്. ഹിന്ദി അറിയാതെ നാട്ടിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന ഒറ്റ കാരണം കൊണ്ടുമാത്രം.

കെട്ടിട നിർമ്മാണം, വ്യാപാര സ്ഥാപനങ്ങൾ, ബാർബർ ഷോപ്പുകൾ എന്നു വേണ്ട എല്ലാ തൊഴിൽമേഖലകളിലും ഹിന്ദിക്കാരാണ് ഇവിടെയുള്ളത്. ഏകദേശം എണ്ണൂറ് അന്യസംസ്ഥാന തൊഴിലാളികൾ ഇവിടെയുണ്ട്. എരഞ്ഞോളിയിലേക്കുള്ള ബസ്സുകളിൽ ഹിന്ദിയിൽ സ്ഥലനാമങ്ങളും സ്ഥാപനങ്ങൾക്ക് ഹിന്ദിയിൽ ബോർഡുകളുമെല്ലാം ഇതിനകം വന്നുകഴിഞ്ഞു. മലയാളക്കരയിൽ ഒരു ഗ്രാമമാകെ ഹിന്ദി വശമുള്ളവരായി മാറുന്നത് ഇതാദ്യമായിരിക്കും.
കൊവിഡ് ലോക് ഡൗൺ കാലത്ത് ഇവരുടെ വാസസ്ഥലങ്ങളിൽ കിറ്റുകളും മറ്റും നൽകാൻ എത്തിയപ്പോൾ ശരിക്കും ബുദ്ധിമുട്ടിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീഷ പറയുന്നു. സഹായിക്കാനെത്തിയവരെ തെറ്റിദ്ധരിക്കുന്ന അവസ്ഥ പോലുമുണ്ടായി.
ഞങ്ങളുടെ സാമൂഹ്യ ജീവിതത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ അവിഭാജ്യ ഘടകമാണ്. അവരുടെ ഭാഷ പഠിക്കാതിരിക്കുന്നത് നമുക്ക് ഗുണകരമാവില്ലെന്ന തിരിച്ചറിവും ഹിന്ദി ഭാഷാ പഠനത്തിന് പിറകിലുണ്ടെന്ന് അവർ പറഞ്ഞു.നേരത്തെ കതിരുരിൽ സമഗ്ര ഇംഗ്ലീഷ് പഠനം നടപ്പിലാക്കാൻ കഴിഞ്ഞതിന്റെ ചുവട് പിടിച്ചാണ് എരഞ്ഞോളിയിൽ ഹിന്ദി പഠനം ആസൂത്രണം ചെയ്യുന്നതെന്ന് കതിരൂർ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ പറഞ്ഞു.

നാളെ ഒാരോ വാർഡിലേയും ഹിന്ദി അദ്ധ്യാപകരുടെ ആലോചനായോഗം ചേരുന്നുണ്ട്. എളുപ്പത്തിൽ ഭാഷ സ്വായത്തമാക്കാനുള്ള ലളിതമായ രീതിയിലുള്ള ഏകീകൃത കൈപ്പുസ്തകം തയ്യാറാക്കും.പാഠ്യപദ്ധതിയും രൂപപ്പെടുത്തും. പഞ്ചായത്തിലെ വിദ്യാലയങ്ങൾ. വായനശാലകൾ, ക്ലബ്ബുകൾ, സാംസ്‌ക്കാരിക നിലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളെ പഠന കേന്ദ്രങ്ങളാക്കും. ആഴ്ചയിൽ മൂന്ന് ക്ലാസ്സുകളെങ്കിലും ഉറപ്പ് വരുത്തും.പഠനം പൂർത്തികരിച്ചവർക്ക് സർട്ടിഫിക്കറ്റുകളും നൽകും.

Advertisement
Advertisement