ഐ.സി.എസ്.ഇ, ഐ.എസ്.സി, മികച്ച വിജയം

Sunday 25 July 2021 12:44 AM IST

ന്യൂഡൽഹി: കൗൺസിൽ ഫോർ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് ഐ.സി.എസ്.ഇ 10-ാം ക്ളാസിന്റെയും ഐ.എസ്.സി 12-ാം ക്ളാസിന്റെയും മൂല്യനിർണയ ഫലം പുറത്തുവിട്ടു. കൊവിഡ് കാരണം പരീക്ഷയില്ലാതെ ബദൽ മൂല്യനിർണയം നടത്തിയ ഐ.സി.എസ്.ഇയിൽ 99.98 ശതമാനവും ഐ.എസ്.സിയിൽ 99.76ശതമാനവുമാണ് ദേശീയതലത്തിൽ വിജയം.

പത്താം ക്ലാസിൽ കേരളത്തിലെ വിദ്യാലയങ്ങൾ നൂറു ശതമാനം വിജയം നേടി. പന്ത്രണ്ടാം ക്ലാസിൽ 99.96 ശതമാനമാണ് ജയം. പന്ത്രണ്ടാം ക്ലാസിൽ പെൺകുട്ടികൾ നൂറു മേനി വിജയം നേടി.

കൊവിഡ് കാരണം പരീക്ഷ റദ്ദാക്കിയപ്പോൾ 9, 10 ക്ളാസുകളിൽ സ്‌കൂൾ തലത്തിൽ നടത്തിയ പരീക്ഷകളുടെയും ഇന്റേണൽ അസസ്‌മെ‌ന്റിന്റെയും അടിസ്ഥാനത്തിലാണ് പത്താംക്ലാസ് മൂല്യനിർണയം നടത്തിയത്. 11, 12 ക്ളാസുകളിലെ സ്‌കൂൾ പരീക്ഷയിലെ മാർക്കിന്റെ ശരാശരിയും പ്രോജക്‌ട്, പ്രാക്ടിക്കൽ മാർക്കും അടിസ്ഥാനമാക്കിയാണ് 12-ാം ക്ളാസ് ഫലം പ്രഖ്യാപിച്ചത്.

സ്‌കൂളുകൾ പ്രവർത്തിക്കാത്തതിനാൽ വിജയാഹ്ളാദം പങ്കിടാൻ കുട്ടികളോ, അദ്ധ്യാപകരോ ഉണ്ടായിരുന്നില്ല. ഫലം പ്രഖ്യാപിച്ചപ്പോൾ മുതൽ അദ്ധ്യാപകർ കുട്ടികളെയും കുട്ടികൾ അദ്ധ്യാപകരെയും ഫോണിൽ വിളിച്ച് ആഹ്ളാദം പങ്കു വച്ചു.

തിരുവനന്തപുരം, എറണാകുളും, തൃശൂർ തുടങ്ങിയ ജില്ലകളിലെ സ്കൂളുകൾ നൂറു ശതമാനം വിജയം നേടി.

Advertisement
Advertisement