സ്ത്രീയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

Sunday 25 July 2021 12:00 AM IST

പോത്തൻകോട്: ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ കുത്തി പരിക്കേൽപ്പിച്ച ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. കന്യാകുളങ്ങര സ്വദേശി സുൽഫത്തിനാണ് (47) കുത്തേറ്റത്. സുൽഫത്തിനെ കുത്തി കട്ടയ്ക്കാൽ സ്വദേശി രമേശാണ് (55) ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 3.30നാണ് സംഭവം. സുൽഫത്തും രമേശും തമ്മിൽ രണ്ട് വർഷമായി പരിചയത്തിലായിരുന്നു. കന്യാകുളങ്ങരയിൽ നിന്ന് നെടുവേലിയിലേക്ക് പോവുകയായിരുന്ന സുൽഫത്തിനെ പിന്തുടർന്നെത്തിയ രമേശ് അതേ ഓട്ടോയിൽ കയറുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

രമേശിനെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതിലുള്ള മുൻവൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സൂൾഫത്തിനെ കുത്തിയശേഷം രമേശ് ആളൊഴിഞ്ഞ സ്ഥലെത്തെത്തിയ ശേഷം കൈയിൽ കരുതിയിരുന്ന വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് ഇയാളെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. കൈയ്ക്ക് സാരമായി പരിക്കേറ്റ സുൽഫത്തിനെ കന്യാകുളങ്ങര ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നെടുമങ്ങാട് ഡിവൈ.എസ്.പി അനിൽകുമാർ, സർക്കിൾ ഇൻസ്പെക്ടർ ശ്യാം, സബ് ഇൻസ്പെക്ടർ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.