30 വർഷം തരിശുകിടന്ന നെടുങ്കരി ഏലായിൽ മൂന്നാം തവണയും കൃഷിയിറക്കി
ആറ്റിങ്ങൽ: രണ്ടു തവണ നൂറുമേനി കൊയ്ത ആറ്റിങ്ങൽ തോട്ടവാരം നെടുങ്കരി ഏലായിൽ മൂന്നാം തവണയും നെൽകൃഷി ഇറക്കി. അഞ്ചര ഏക്കർ വരുന്ന ഏലായിൽ കഴിഞ്ഞ മാസം പകുതിയോടെ ഉമയിനത്തിൽപ്പെട്ട അത്യുല്പാദന ശേഷിയുള്ള വിത്ത് വിതച്ചിരുന്നു. നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പാടശേഖര സമിതി രക്ഷാധികാരിയുമായ ആർ. രാമു എന്നിവർ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് കൗസിലറും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ ഗിരിജ ടീച്ചർ, കൗൺസിലർ ആർ. രാജു, കൃഷി ഓഫീസർ വി.എൽ. പ്രഭ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രൻ, പാടശേഖര സമിതി കൺവീനർ സംഗീത്, അംഗങ്ങളായ വേണു, ആർ.കെ. ശ്യാം, വിനീഷ്, മിഥുൻ, ശരത്, ബാലചന്ദ്രൻ, ജലജ, അജിൻ പ്രഭ, പ്രശാന്ത് മങ്കാട്ടു തുടങ്ങിയവർ പങ്കെടുത്തു.ഈ ഏലായിൽ സുഗമമായി കൃഷി നടപ്പാക്കാൻ സമീപത്തെ ജലസ്രോതസുകൾ നവീകരിക്കുമെന്നും പൊതുകുളത്തിൽ പമ്പ് സ്ഥാപിക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.