ലോകം സമാധാനമായി ഉറങ്ങുന്നത് ഇത്തരം സാങ്കേതിക വിദ്യകൾ മൂലമെന്ന് പെഗസസ് നിർമ്മാതാക്കൾ

Sunday 25 July 2021 12:00 AM IST

ജെറുസലേം: ഇസ്രയേൽ ചാര സോഫ്റ്റ്‌വെയറായ പെഗസസ് വ്യാപകമായി ദുരുപയോഗം ചെയ്തുവെന്ന വിവാദങ്ങൾക്കിടെ ഇത്തരത്തിലുള്ള സോഫ്റ്റ്‌വെയറുകളുടെ ഉപയോഗത്തെ പിന്തുണച്ചുകൊണ്ട് പെഗസസ് നിർമാതാക്കളായ എൻ.എസ്.ഒ രംഗത്ത്. രഹസ്യാന്വേഷണ, സർക്കാർ ഏജൻസികൾക്ക് ഇത്തരം സാങ്കേതിക വിദ്യ ലഭ്യമായതുകൊണ്ടാണ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകൾക്ക് സമാധാനത്തോടെ ഉറങ്ങാനും തെരുവുകളിലൂടെ സുരക്ഷിതരായി നടക്കാനും സാധിക്കുന്നുണ്ടെന്ന് എൻ.എസ്.ഒ. വക്താവ് പറഞ്ഞു. സോഫ്റ്റ്‌വെയറിന്റെ നിർമ്മാതാക്കൾ മാത്രമാണെന്നും വിവിധ രാജ്യങ്ങൾക്ക് വേണ്ടി സോഫ്റ്റ്‌വെയർ തങ്ങളല്ല പ്രവർത്തിപ്പിക്കുന്നതെന്നും എൻ.എസ്.ഒ വ്യക്തമാക്കി. കമ്പനിയിൽനിന്ന് സോഫ്റ്റ് വെയർ വാങ്ങുന്നവർ ശേഖരിക്കുന്ന വിവരങ്ങൾ തങ്ങൾക്ക് ലഭ്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

പെഗസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവർത്തകർ, രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, മാദ്ധ്യമ പ്രവർത്തകർ, അഭിഭാഷകർ തുടങ്ങിയവരുടെ ഫോൺ ചോർത്തുകയോ നിരീക്ഷിക്കുകയോ ചെയ്തിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.

ഗുരുതരമായ കുറ്റകൃത്യങ്ങൾ, തീവ്രവാദം തുടങ്ങിയവയ തടയാനും അന്വേഷണം നടത്താനും ലോകമെമ്പാടുമുള്ള രഹസ്യാന്വേഷണ ഏജൻസികളെ പെഗസസും സമാന സാങ്കേതിക വിദ്യകളും വളരെയേറെ സഹായിക്കുന്നുണ്ട്. എൻ.എസ്.ഒ ഉൾപ്പെടെയുള്ള കമ്പനികൾ സൈബർ സുരക്ഷയ്ക്കാവശ്യമായ സാങ്കേതിക വിദ്യകൾ ലോകരാജ്യങ്ങൾക്ക് നല്കുന്നത് വഴി സമൂഹ മാദ്ധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങൾ പരമാവധി തടയാൻ സഹായിക്കുന്നു. എന്നാൽ ഈ സാങ്കേതിക വിദ്യയുടെ ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം തെളിയിക്കപ്പെട്ടാൽ അതിനെതിരെ നടപടിയെടുക്കും. ജീവിക്കാനുള്ള അവകാശം, സുരക്ഷ എന്നിവയ്ക്കൊപ്പം മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും ഈ സാങ്കേതിക വിദ്യ പ്രതിജ്ഞാബദ്ധമാണെന്ന് എൻ.എസ്.ഒ കൂട്ടിച്ചേർത്തു.

Advertisement
Advertisement