യെദിയൂരപ്പയുടെ പിൻഗാമി: അഭ്യൂഹങ്ങൾ തള്ളി പ്രഹ്ളാദ് ജോഷി

Sunday 25 July 2021 12:00 AM IST

ന്യൂഡൽഹി: സർക്കാരിന്റെ രണ്ടാം വാർഷിക ദിനമായ ജൂലായ് 26ന് ശേഷം രാജിവയ്ക്കുമെന്ന് കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ സൂചന നൽകിയതിന് പിന്നാലെ പിൻഗാമിയെ സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും ചൂടുപിടിച്ചു. യെദിയൂരപ്പ രാജിവച്ചാൽ പകരം തന്നെ പരിഗണിക്കുന്നതായുള്ള മാദ്ധ്യമ വാർത്തകൾ കർണാടകത്തിൽ നിന്നുള്ള എം.പിയും കേന്ദ്ര കൽക്കരി, പാർലമെന്ററികാര്യ മന്ത്രിയുമായ പ്രഹ്ളാദ് ജോഷി തള്ളി.

യെദിയൂരപ്പ രാജിവയ്ക്കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും തന്നോട് മുഖ്യമന്ത്രിയാകാൻ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു. എല്ലാം മാദ്ധ്യമ സൃഷ്‌ടിയാണ്. അതിനാൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ബാദ്ധ്യതയില്ല. പാർട്ടിയിൽ ഇത്തരം കാര്യങ്ങൾ പ്രധാന നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരാണ് തീരുമാനിക്കുക. ബി.ജെ.പിയിൽ ഹൈക്കമാൻഡില്ല. ദേശീയ നേതൃത്വമാണുള്ളത്. രാജ്നാഥിനും നിതിൻ ഗഡ്കരിക്കും അമിത് ഷായ്ക്കും ശേഷം ജെ.പി. നദ്ദ വന്നു. ഇങ്ങനെ വ്യത്യസ്തരായ നേതാക്കളാണ് നയിക്കുന്നത്.

യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നു മാറ്റിയാൽ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്ന ലിംഗായത് സമുദായ നേതാക്കളുടെ പ്രസ്താവനയോട് അദ്ദേഹം പ്രതികരിച്ചില്ല. 58കാരനായ പ്രഹ്ളാദ് ജോഷി 2004മുതൽ കർണാടകയിലെ ധർവാഡ് മണ്ഡലത്തിലെി എംപിയാണ്. 2012 മുതൽ 2016വരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. ജെ.ഡി.എസ്-കോൺഗ്രസ് സർക്കാരിനെ മറിച്ചിട്ട് സംസ്ഥാനത്ത് ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിച്ച യെദിയൂരപ്പ പാർട്ടിയിലെ ഒരു വിഭാഗത്തിന് അനഭിമിതനായതോടെയാണ് പ്രതിസന്ധി തുടങ്ങിയത്.

Advertisement
Advertisement