സർക്കാർ നിർദ്ദേശിച്ച അഭിഭാഷകരെ തള്ളി, ഡൽഹി സർക്കാരും ലെഫ്റ്റനന്റ് ഗവർണറും പോരിൽ

Sunday 25 July 2021 12:00 AM IST

ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട കേസുകളിൽ ഹാജരാകാൻ ഡൽഹിയിലെ ആംആദ്മി സർക്കാർ നിർദ്ദേശിച്ച അഭിഭാഷകരുടെ പേരുകൾ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ തള്ളി. ഡൽഹി പൊലീസ് നിർദ്ദേശിച്ച അഭിഭാഷകരെ തിരഞ്ഞെടുക്കാൻ അനുമതി നൽകുകയും ചെയ്തു. ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് നിയമഭേദഗതിയിലൂടെ ലഭിച്ച കൂടുതൽ അധികാരങ്ങൾ ഉപയോഗപ്പെടുത്തിയാണ് തീരുമാനം.

ഇക്കഴിഞ്ഞ റിപ്പബ്ളിക് ദിനത്തിൽ ഡൽഹിയിൽ നടന്ന കർഷകരുടെ ട്രാക്ടർ റാലിക്കിടെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഹാജരാകാനുള്ള അഭിഭാഷകരുടെ പട്ടികയാണ് സംസ്ഥാന സർക്കാർ സമർപ്പിച്ചിരുന്നത്. എന്നാൽ ഈ പട്ടിക പാടെ തള്ളി ഡൽഹി സർക്കാർ സമർപ്പിച്ച 11 അഭിഭാഷകരുടെ പട്ടികയ്ക്കാണ് അനിൽ ബൈജാൽ അംഗീകരം നൽകിയത്.

മന്ത്രിസഭയുടെ തീരുമാനങ്ങൾ അട്ടിമറിക്കുന്ന ലെഫ്. ഗവർണറുടെ തീരുമാനം ഡൽഹിയിലെ ജനങ്ങൾക്ക് അപമാനമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. സംസ്ഥാന സർക്കാർ നൽകിയ പട്ടിക രാഷ്‌ട്രപതിയുടെ പരിഗണനയിലാണെന്നും അടിയന്തര സ്വഭാവമുള്ള കേസായതിനാൽ ഡൽഹി പൊലീസ് നിർദ്ദേശിച്ച അഭിഭാഷകരെ നിയമിക്കാൻ പ്രത്യേക അധികാരം പ്രയോഗിച്ചതാണെന്നും ലെഫ്. ഗവർണർ അറിയിച്ചു.

ഡൽഹി പൊലീസ് കമ്മിഷണർക്ക് കൂടുതൽ അധികാരം

സ്വാതന്ത്ര്യ ദിനത്തിലെ സുരക്ഷ അടക്കം പരിഗണിച്ച് ഡൽഹി പൊലീസ് കമ്മിഷണർക്ക് ദേശീയ സുരക്ഷാ നിയമ പ്രകാരം ആരെയും കസ്റ്റഡിയിലെടുക്കാനുള്ള പ്രത്യേക അധികാരം നൽകി ലെഫ്.ഗവർണർ അനിൽ ബൈജാൽ ഉത്തരവിട്ടു. ജൂലായ് 19 മുതൽ ഒക്ടോബർ 18വരെയാണ് അധികാരമുള്ളത്. കർഷക സമരത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനമെന്നും സൂചനയുണ്ട്. ദേശീയ സുരക്ഷാ നിയമപ്രകാരം രാജ്യ സുരക്ഷയുടെയും ക്രമസമാധാനത്തിന്റെയും പേരിൽ ആരെയും കസ്റ്റഡിയിലെടുത്ത് മാസങ്ങളോളം ജയിലിലിടാൻ കഴിയും.

Advertisement
Advertisement