ഡെൽറ്റയെ തടയാൻ കൂട്ടായ പരിശ്രമം വേണം : ഡബ്ല്യു.എച്ച്. ഒ

Sunday 25 July 2021 12:14 AM IST

ജനീവ: കൊവിഡിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം പടർന്ന് പിടിക്കുന്നത് തടയാൻ കൂട്ടായ പരിശ്രമം വേണമെന്ന് ലോകാരോഗ്യസംഘടനയും യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളും( ഇ.സി.ഡി.സി) . യൂറോപ്യന്‍ മേഖലയില്‍ വാക്സിനേഷൻ നിരക്ക് ഉയർന്നിട്ടും ഡെൽറ്റ വകഭേദം അതിവേഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം.

ജൂണ്‍ 22 മുതല്‍ ജൂലായ് 11 വരെ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ യൂറോപ്പിൽ ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്നുവെന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ട്.

നിലവിലെ സ്ഥിതി വിശകലനം ചെയ്യുമ്പോള്‍ വരും മാസങ്ങളില്‍ വ്യാപനം രൂക്ഷമാകാനാണ് സാദ്ധ്യതയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വളരെ വേഗത്തില്‍ വ്യാപിക്കുന്ന ഡെല്‍റ്റ വകഭേദം മൂലമാണ് ലോകത്താകമാനമുള്ള കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വർദ്ധനവ് ഉണ്ടായതെന്നാണ് ലോകാരോഗ്യ സംഘടന യൂറോപ്യന്‍ മേഖലയുടെ റീജിയണല്‍ ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ് പറഞ്ഞു. അതേ സമയം എല്ലാവരും കൊവിഡ് വാക്സിനെടുക്കുന്നത് മരണനിരക്കും രോഗവ്യാപനവും കുറയ്ക്കുമെന്നും ക്ലൂഗ് കൂട്ടിച്ചേര്‍ത്തു. ഭൂരിഭാഗം രാജ്യങ്ങളിലും വാക്സിനേഷന്‍ മന്ദഗതിയിലായതിനാൽ പരിശോധനകളുടെ എണ്ണം കൂട്ടുന്നത് കൊവിഡിന്റെ വ്യാപനം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് ഇരു സംഘടനകളും വ്യക്തമാക്കി. വൈറസ് വ്യാപനം തടയുന്നതിന് കൂടുതല്‍ ജാഗ്രത പാലിക്കുകയും നിലവിലെ നിയന്ത്രണങ്ങൾ തുടരേണ്ടത് അത്യാവശ്യവുമാണെന്ന് ഇ.സി.ഡി.സി. ഡയറക്ടര്‍ ആന്‍ഡ്രിയ അമ്മോണ്‍ പറഞ്ഞു.

അതേ സമയം കൊവിഡ് ഉത്ഭവത്തെ കുറിച്ചുള്ള രണ്ടാം ഘട്ട അന്വേഷണത്തിൽ ചൈന ഉൾപ്പെടെ എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്ന് യു.എൻ ആവശ്യപ്പെട്ടു. കൊവിഡ് വൈറസിന്റെ ഉറവിടം തേടിയുള്ള ലോകാരോഗ്യ സംഘടനയുടെ രണ്ടാം ഘട്ട അന്വേഷണ സംഘത്തിന് ചൈന അനുമതി നിഷേധിച്ചതിനെ തുടർന്നാണ് യു.എൻ പ്രതികരണം.