പ്രായമായവരിൽ കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി കുറവ്

Sunday 25 July 2021 12:00 AM IST

ന്യൂയോർക്ക്: പ്രായമായവരിൽ കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികൾ കുറവാണെന്ന് പഠന റിപ്പോർട്ട്. ഒറിഗൺ ഹെൽത്ത് ആന്റ് സയൻസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിലാണ് ഇത് പ്രതിപാദിക്കുന്നത്. പ്രതിരോധ കുത്തിവയ്പ് എടുത്ത പ്രായമായവരിലും വലിയ പുരോഗതി കാണാൻ സാധിക്കുന്നില്ല. അതിനാൽ പ്രായമുള്ളവരിൽ കൊവിഡ് വകഭേദങ്ങൾ വലിയ വെല്ലുവിളി ഉയർത്താൻ സാദ്ധ്യതയുള്ളതായി പഠനത്തിൽ പറയുന്നു. ഫൈസർ വാക്സിന്റെ രണ്ടാമത്തെ ഡോസെടുത്ത് രണ്ടാഴ്ച കഴിഞ്ഞ 50 പേരെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ച ശേഷമാണ് പഠനം നടത്തിയത്. പ്രായമായവരെ അപേക്ഷിച്ച് പ്രായം കുറഞ്ഞവരുടെ ഗ്രൂപ്പിന് ഏഴു മടങ്ങ് പ്രതിരോധ ശേഷിയുണ്ടെന്ന് കണ്ടെത്തി. അതേ സമയം കൊവിഡ് വാക്സിനുകൾ എല്ലാ പ്രായത്തിലുള്ള ആൾക്കാർക്കും രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കി.

അധികമുള്ള വാക്സിൻ രാജ്യത്ത് തന്നെ വിതരണം ചെയ്യാൻ യു.എസ്

രാജ്യത്ത് കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നതിനിടെ നിലവിൽ എല്ലാവർക്കും വാക്സിൻ എടുത്ത ശേഷം ബാക്കി വരുന്നവ 12 വയസ്സിൽ താഴെയുള്ളവർക്കും രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് ബൂസ്റ്റർ ഡോസായും നൽകാൻ തീരുമാനിച്ച് യു.എസ്. നിലവിൽ രാജ്യത്ത് 12 വയസ്സിൽ താഴെയുള്ളവർക്ക് വാക്സിൻ നല്കുന്നില്ലെങ്കിലും ഇത് ഉടൻ ആരംഭിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. രാജ്യത്ത് സ്കൂളുകൾ തുറക്കുന്ന ആഗസ്റ്റിലോ അതിന് ശേഷമോ കുട്ടികൾക്കുള്ള വാക്സിൻ നൽകിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് ഡെൽറ്റ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ യു.എസ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനാണ് രാജ്യത്ത് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ ബൂസ്റ്റർ കുത്തിവയ്പ്പ് നല്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. മാരകമായ രോഗമുള്ളവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ എന്നിവർക്കാണ് ബൂസ്റ്റർ ഡോസ് നല്കാനുദ്ദേശിക്കുന്നത്.