സഹകരണം അഥവാ കൂട്ടായ്മക്കവർച്ച!

Sunday 25 July 2021 2:10 AM IST

ഈയാഴ്ചത്തെ വാരാന്ത്യാവലോകനത്തിൽ സഹകരണത്തിലെ വച്ചടിവച്ചടി കയറ്റമാണ് ഓഹരിവിപണിയിൽ ദൃശ്യമാകുന്നത്. കരുവന്നൂരിലെ സഹകരണത്തിൽ കൊറോണയുടെ അപഹാരം വലിയ അളവിൽ സ്വാധീനശക്തിയായിട്ടുണ്ടെന്നാണ് സെൻസക്സ് വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നത്. തത്‌ഫലമായി കോടി ക്ലബ്ബിൽ ആരോട് മത്സരിക്കണമെന്നറിയാതെ ഉഴറുകയാണ് കരുവന്നൂർ സഹകരണം. നൂറ് കോടിയിൽ നിന്ന് തുടങ്ങി ഇപ്പോൾ മുന്നൂറ് കോടി കടന്നുനില്പാണ്. സംഗതി സഞ്ജയൻ മുന്നോട്ടുവച്ച താടി-ബീഡി ന്യായത്തിന്റെ അടിസ്ഥാനത്തിലായത് കൊണ്ടുതന്നെ കോടികൾ പിന്നെയും കടന്നുപോകുമെന്ന് പ്രവചിക്കപ്പെടുന്നുണ്ട്.

ഈ കോടികളുടെ വല്ലാത്ത പോക്ക് കണ്ടിട്ട് 'പല കോടി സ്വപ്നങ്ങളാൽ തീർത്തൊരഴകിന്റെ മണിമഞ്ചലിൽ...' എന്നൊരു പാട്ടിന് പോലും കരുവന്നൂരിലും പരിസരപ്രദേശങ്ങളിലും പുതുതായി പ്രചാരം സിദ്ധിച്ചതായാണ് വിവരം. കരുവന്നൂർ ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗത്തിൽ സഖാവ് കരുവന്നൂർ കാസ്ട്രോ എന്തോ ചിലത് വായിക്കുകയുണ്ടായി. കരുവന്നൂർ ലെനിൻ തൊട്ട് ക്രൂഷ്ചേവ് വരെയുള്ള ഡയറക്ടർ സഖാക്കളുടെ മേശമേൽ ബിസ്കറ്റ് വിളമ്പി വച്ചിട്ടുണ്ടായിരുന്നു. ഓരോരുത്തരായി അതെടുത്ത് വായിലേക്കിടുന്ന തിരക്കിലായിരുന്നതിനാൽ ആ വായിച്ചത് അവർ ശ്രദ്ധിക്കുകയുണ്ടായില്ല. ഡയറക്ടർ ബോർഡ് മീറ്റിംഗ് അങ്ങനെ പതിവുപോലെ ഊർജ്ജസ്വലമായി. അപ്പോൾ ഏതോ ചില കസ്റ്റമർമാരുടെ താടിക്ക് തീപിടിച്ചെന്നും ആ തീയിൽ നിന്ന് ബീഡിക്ക് തീ കൊളുത്താൻ, ബിസ്കറ്റ് തിന്നുന്ന തിരക്കിലേർപ്പെടാതിരുന്ന ചില ഡയറക്ടർ സഖാക്കൾ മത്സരിച്ചെന്നും ആ മത്സരം കോടികളിൽ നിന്ന് കോടികളിലേക്ക് ഒഴുകിപ്പോയിയെന്നുമാണ് കേൾക്കുന്നത്.

കോടികൾക്ക് കരുവന്നൂരിൽ നിലയും വിലയും നഷ്ടപ്പെട്ടത് ഈ സംഭവത്തോടെയാണ്. അതിനിയും പിടിച്ചുനിറുത്തിയില്ലെങ്കിൽ സംഗതി മൂന്ന് ലോകവും കടന്ന് പാതാളത്തിലേക്ക് കടന്നേക്കുമെന്ന തിരിച്ചറിവ് പിണറായി സഖാവിനും വാസവൻ സഖാവിനും ഉണ്ടായത് കൊണ്ട് ഡയറക്ടർ ബോർഡ് ഈ ഇരുപത്തിമൂന്നാമത്തെ മണിക്കൂറിൽ പിരിച്ചുവിടപ്പെട്ടിരിക്കുന്നു എന്നറിഞ്ഞപ്പോൾ വലിയ ചാരിതാർത്ഥ്യമുണ്ടായി. കരുവന്നൂർ സഹകരണത്തിൽ വിലനിലവാരം നഷ്ടപ്പെട്ട കോടികൾ സാധാരണ നിലയിലേക്ക് ഇനി തിരിച്ചുകയറിക്കോളും എന്നോർക്കുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസം ഇതൊക്കെ കണ്ടും കേട്ടും നിൽക്കുന്ന ദ്രോണരുടെ ഉള്ളിലും സംഭവിക്കുന്നുണ്ട്. സംഭവാമി, യുഗേ, യുഗേ! സഹകരണം അഥവാ കൂട്ടായ്മ കവർച്ച എന്ന് പണ്ട് കഥയെഴുതിയ വി.കെ.എൻ കരുവന്നൂർ സംഭവിക്കും മുമ്പേ ഇഹലോകവാസം വെടിഞ്ഞത് എന്തുകൊണ്ടും നന്നായി.

 

ഇസ്രായേലിലെ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ലോകത്ത് ആരുടെ മുന്നിലും തല കുനിച്ച് നിന്നിട്ടില്ലെന്നാണ് പറയപ്പെടുന്നത്. സകല വില്ലാളിവീരന്മാരെയും വിറപ്പിച്ചുനിറുത്തുന്ന സോഫ്റ്റ്‌വെയറാണ് പെഗാസസ് എന്നാണല്ലോ വയ്പ്. ഈ പഹയൻ ഈ ഭൂഗോളത്തിൽ ആരുടെ മുന്നിലും തല കുനിച്ചുനിന്നിട്ടില്ലെന്നത് പക്ഷേ പുറമേക്കുള്ള വീരവാദം മാത്രമാണെന്ന് എത്ര പേർക്കറിയാം! ഒരു കക്ഷിക്ക് മുന്നിൽ ടിയാൻ അടിയറവ് പറഞ്ഞിട്ടുണ്ട് എന്നത്, പിണറായിസഖാവ് ഭരിക്കുന്ന കേരളത്തിലെ വലിയൊരു രഹസ്യമാണ്. തന്റെ ശൂരത്വത്തിന് ഹാനിയുണ്ടാക്കുന്ന ഈ സംഭവം പുറത്തറിയാൻ പെഗാസസ് ആഗ്രഹിക്കാത്തത് കൊണ്ടുതന്നെ അതിവിടെ വെളിപ്പെടുത്തുന്നത് ഉചിതമാവില്ല എന്നാണ് ആദ്യം ചിന്തിച്ചത്. പക്ഷേ, പിന്നീടാലോചിച്ചപ്പോൾ, അങ്ങനെ നമ്മളാ രഹസ്യം മൂടിവച്ചത് കൊണ്ട് പെഗാസസിനല്ലാതെ മറ്റാർക്കും പ്രത്യേകിച്ചൊരു പ്രയോജനമൊന്നും കിട്ടാനില്ലെന്ന് തോന്നി. ഇസ്രായേലിലെ പെഗാസസിന്റെ നേട്ടമാണോ, അതോ നമ്മുടെ കപ്പലണ്ടിമുക്കിലെ ഭാഗീരഥൻപിള്ളയുടെ പ്രയോജനമാണോ വലുതെന്ന് ചിന്തിച്ചപ്പോൾ രണ്ടാമത് പറഞ്ഞയാളിന്റെ പ്രയോജനം തന്നെയാണ് നല്ലതെന്ന് കണ്ടെത്തി.

അങ്ങനെ ആ രഹസ്യം ഇവിടെ വെളിപ്പെടുത്തുകയാണ്. പെഗാസസ് പഹയനെ തോല്പിക്കുന്ന മറ്റേ പഹയൻ മറ്റാരുമല്ല, നമ്മുടെ ശശീന്ദ്രൻമന്ത്രിയുടെ ഫോണിൽ ഒളിഞ്ഞുകിടപ്പുള്ള ക്ഷുദ്രജീവിയാണ്. പെഗാസസ് ഇവന് മുന്നിലെത്തി ദക്ഷിണവച്ച് നമസ്കരിച്ചുവെന്നാണ് ഏറ്റവുമൊടുവിൽ കിട്ടിയ വിവരം. പെഗാസസിനെ തോല്പിക്കും വിധമാണത്രെ ശശീന്ദ്രൻ മന്ത്രിയുടെ ഫോൺവിളികളെ ഇവൻ ചോർത്തിവിട്ടുകൊണ്ടിരിക്കുന്നത്. ചോർച്ചയോട് ചോർച്ച!

മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം പെഗാസസിനെ കീഴടക്കാൻ പോന്നവൻ എന്ന നിലയിൽ ശശീന്ദ്രൻമന്ത്രിയുടെ ഫോണിലെ ചാത്തനോട് ബഹുമാനമൊക്കെ തോന്നുന്നത് സ്വാഭാവികമാണ്. ശശീന്ദ്രൻ മന്ത്രിക്കാണെങ്കിൽ അങ്ങനെയില്ല. കൂടെക്കിടക്കുന്നവനല്ലേ രാപ്പനിയറിയൂ. അതുകൊണ്ട് ഇവൻ കാരണം സ്വസ്ഥത നഷ്ടപ്പെട്ട ശശീന്ദ്രൻമന്ത്രി, അവനെ ആവാഹിച്ച് അകറ്റാൻ എന്തോ ഏലസ് ജപിച്ച് ഫോണിൽ കെട്ടുന്നതിന് 'നല്ല നിലയിൽ' ആറ്റുകാൽ രാധാകൃഷ്ണൻ ജ്യോത്സരോട് ചട്ടം കെട്ടിയതായാണ് അറിയുന്നത്.

ഇ-മെയിൽ: dronar.keralakaumudi@gmail.com

Advertisement
Advertisement