ഇതായിരുന്നോ മുഖ്യമന്ത്രി പ്രതീക്ഷിച്ച ആ ബോംബ്? കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ സർക്കാർ പൂഴ്ത്തിയത് ഒരു പ്രധാന ലക്ഷ്യം മുന്നിൽകണ്ട്

Sunday 25 July 2021 10:29 AM IST

തൃശൂർ:കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടിനെക്കുറിച്ചുള്ള പാർട്ടി അന്വേഷണ കമ്മിഷന്റെയും സഹകരണ വകുപ്പിന്റെയും നിർദ്ദേശം കഴിഞ്ഞ സർക്കാർ മനപൂർവം അവഗണിക്കുകയായിരുന്നു എന്ന് റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലായപ്പോഴാണ് ഞെട്ടിക്കുന്ന ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സർക്കാരിന് ലഭിക്കുന്നത്. സഹകരണ ജോയന്റ് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശയും ചെയ്തിരുന്നു. ഈ റിപ്പോർട്ടുകളാണ് ഇരുചെവിയറിയാതെ പൂഴ്ത്തിയത്. ബാങ്കിലെ കോടികളുടെ അഴിമതിയെക്കുറിച്ച് പ്രതിപക്ഷത്തിനും സൂചനകൾ ലഭിച്ചിരുന്നോ എന്ന് സംശയമുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചില ബോംബുകൾ പൊട്ടുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചത് ഇതിനെ ഉദ്ദേശിച്ചാണോ എന്ന സംശയവും ഇപ്പോൾ ഉയരുന്നുണ്ട്.

നാൽപ്പതുവർഷത്തിലേറെയായി സി പി എം ഭരിക്കുന്ന ബാങ്കിൽ നടന്ന കോടികളുടെ തിരിമറി പുറത്തറിഞ്ഞാൽ തുടർഭരണം എന്നത് വെറും സ്വപ്നമായി മാത്രം അവശേഷിക്കുമെന്ന് പാർട്ടി ഉന്നതകേന്ദ്രങ്ങൾ പൊടുന്നനെ തിരിച്ചറിഞ്ഞു. കുറ്റക്കാർക്കെതിരെ കർശനനടപടി വേണമെന്നായിരുന്നു പാർട്ടി അന്വേഷണ സംഘത്തിന്റേതുൾപ്പടെയുള്ള നിലപാടെങ്കിലും തിരഞ്ഞെടുപ്പ് കഴിയും വരെ റിപ്പോർട്ട് പൂഴ്ത്തുന്നതാണ് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് ഗുണം ചെയ്യുക എന്ന് സംസ്ഥാനതലത്തിൽ വിലയിരുത്തിയിരുന്നു.

തട്ടിപ്പിന് കൂട്ടുനിന്നവർക്കെതിരെ നടപടിയുണ്ടായാൽ ഏരിയാ, ലോക്കൽ കമ്മിറ്റികൾക്കെതിരെയും നടപടിയെടുക്കേണ്ടിവരുമെന്നും അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും പാർട്ടി കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞു.

അതിനിടെ കരുവന്നൂർ സഹകരണബാങ്കിലെ അഴിമതിയിൽനിന്ന് മുഖം രക്ഷിക്കാൻ പാർട്ടി കർശന നടപടിക്കൊരുങ്ങുകയാണ് . ഏരിയാ-ലോക്കൽ കമ്മിറ്റികൾക്കെതിരേ നടപടി കർശനമാക്കാനും ആരെയും സംരക്ഷിക്കേണ്ടെന്നുമുള്ള ഉറച്ച നിലപാടിലാണ് പാർട്ടി. ബാങ്ക് തട്ടിപ്പുകേസിൽ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രിയും കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

Advertisement
Advertisement