തമിഴ് ചലച്ചിത്ര താരം യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു; ഒരാൾ മരണപ്പെട്ടു,നടിയ്‌ക്ക് ഗുരുതര പരിക്ക്

Sunday 25 July 2021 4:11 PM IST

മഹാബലിപുരം: തമിഴ് ചലച്ചിത്ര താരം യാഷികാ ആനന്ദിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. യാഷികയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം മഹാബലിപുരത്ത് വച്ച് അമിതവേഗത്തിൽ പോകവെ നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ശനിയാഴ്‌ച രാത്രി ഒരുമണിയോടെയാണ് സംഭവം.

അപകടത്തിൽ യാഷികയുടെ സുഹൃത്തായ വള‌ളിച്ചെട്ടി ഭവാനി തൽക്ഷണം മരിച്ചു. മൂന്ന് പേരാണ് എസ്‌യുവി കാറിലുണ്ടായിരുന്നത്. അപകടം നടന്നയുടൻ സ്ഥലവാസികളെത്തി യാഷികയെയും മറ്റൊരു യാത്രക്കാരിയെയും പുറത്തിറക്കി. എന്നാൽ ഭവാനി അപ്പോഴേക്കും മരിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു.

ബിഗ് ബോസ് തമിഴ് പതിപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട 21കാരിയായ യാഷിക 'ധ്രുവങ്ങൾ 16' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. തുടർന്ന് 'ഇരുട്ട് അറയിൽ മുരട്ട് കൂത്ത്' എന്ന ചിത്രത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്‌ച വച്ചു. യാഷിക അഭിനയിച്ച അഞ്ചോളം ചിത്രങ്ങളാണ് റിലീസിനെത്താനു‌ള‌ളത്.

Advertisement
Advertisement