അഴക് മുടിയലല്ല... ശ്രീലക്ഷ്മിയുടെ മനസിനാണ്

Monday 26 July 2021 12:06 AM IST
ശ്രീലക്ഷ്മി മുടി മുറിച്ചു കൈമാറുന്നു

ചെറുവത്തൂർ: വർഷങ്ങളായി വളർത്തിയെടുത്ത നീളമേറിയ മുടി ഒരു മടിയും കൂടാതെ മുറിച്ചുനൽകാൻ ശ്രീലക്ഷ്മിക്ക് ഒരു മടിയുമുണ്ടായില്ല.കാൻസർ ബാധിതയായി മുടി പാടെ നഷ്ടപ്പെട്ടവർക്ക് വിഗ് നിർമ്മിക്കുന്നതിനായാണ് ശ്രീലക്ഷ്മി പനങ്കുലപോലുള്ള മുടിയഴക് മുറിച്ചുനൽകിയത്.

പടന്ന ഗണേഷ് മുക്കിലെ ഓട്ടോ ഡ്രൈവർ പ്രസാദ് - ഷീബ ദമ്പതികളുടെ മകൾ ശ്രീലക്ഷ്മിയാണ് കേശദാനത്തിലൂടെ മഹത്തായ മാതൃക തീർത്തത്. പിലിക്കോട് സി. കൃഷ്ണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം തരം വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി പ്രസാദ്.

കേരള ബ്ലഡ് ഡോണേഴ്സ് കേരളയുടെ ചെറുവത്തൂർ കോർഡിറേറ്റർ ജയൻ ചെറുവത്തൂർ ശ്രീലക്ഷ്മിയുടെ വീട്ടിൽ ചെന്ന് മുടി ഏറ്റുവാങ്ങി. കാൻസർ രോഗ ചികിത്സയ്ക്കിടയിൽ മുടി പാടെ നഷ്ടപ്പെട്ട പെൺകുട്ടികളെക്കുറിച്ചൊരു ചാനൽ പരിപാടി കണ്ടതോടെയാണ് ശ്രീലക്ഷ്മി താൻ കാലങ്ങളായി സൂഷ്മതതോടെ ഓമനിക്കുന്ന മുടി മുറിച്ചുനൽകാനുള്ള തീരുമാനത്തിലെത്തിയതെന്നും മകളുടെ ഈ സൽകർമ്മത്തിൽ ഏറെ ചാരിതാർത്ഥ്യമുണ്ടെന്നും പിതാവ് പ്രസാദ് പറഞ്ഞു.

വളരെ അപൂർവ്വമായിട്ടാണ് ഈ തരത്തിൽ മുടികൾ ലഭിക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന മുടി കോഴിക്കോടുള്ള ബ്ലഡ് ഡോണേഴ്സ് യൂണിറ്റിലേക്കാണ് അയക്കുന്നത്. അവരത് തൃശൂരിലേക്കയച്ച് സംസ്കരിച്ച് വിഗ്ഗുകളാക്കി മാറ്റും. ഒരു വിഗ്ഗിന് 25000 രൂപ വിലവരും. നിർദ്ധനരായ രോഗികൾക്ക് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. -ജയൻ ചെറുവത്തൂർ, ബ്ലഡ് ഡോണേർസ് കോർഡിനേറ്റർ

Advertisement
Advertisement