'നെഗറ്റീവിൽ' തെല്ല് മയപ്പെട്ട് കളക്ടർ

Monday 26 July 2021 12:06 AM IST
കളക്ടറുടെ നിർദ്ദേശം സംബന്ധിച്ച് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച വാർത്ത

കണ്ണൂർ: കൊവിഡ് വാക്സിനേഷന് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയുള്ള ഉത്തരവ് മയപ്പെടുത്തി ജില്ലാ കളക്ടർ ടി.വി. സുഭാഷ്. ഉത്തരവിനെതിരെ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്കിലടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിൽ കടുത്ത ജനരോഷം പ്രതിഫലിച്ചതിന് പിന്നാലെയാണിത്.

വാക്സിനെടുക്കാൻ 72 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നായിരുന്നു ആദ്യ ഉത്തരവ്. ആർ.ടി.പി.സി.ആറിന് പകരം ആന്റിജൻ ടെസ്റ്റ് മതിയെന്നാണ് പുതിയ ഉത്തരവ്. ടെസ്റ്റിന് അതത് വാക്സിൻ കേന്ദ്രത്തിൽ സൗകര്യം ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ 72 മണിക്കൂറിനുള്ളിൽ എന്നതിന് പകരം 15 ദിവസത്തിനുള്ളിലെടുത്ത നെഗറ്റീവ് സർട്ടിഫിക്കറ്റ് മതിയെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലെടുത്ത തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. 28 മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരുമെന്നും അറിയിച്ചതാണ്. കടകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് രണ്ട് ഡോസ് വാക്സിനോ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കിയ നടപടിക്കെതിരെ വ്യാപാരി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


വാക്‌സിനെടുക്കുന്നവർക്ക് കൊവിഡ് ടെസ്റ്റിനുള്ള കൂടുതൽ സൗകര്യമൊരുക്കും. രോഗബാധിതർ വാക്സിൻ എടുത്താൽ അതിന്റെ പ്രയോജനം ലഭിക്കില്ല -

ടി.വി. സുഭാഷ്, ജില്ലാ കളക്ടർ


പിൻവലിച്ചില്ലെങ്കിൽ സമരമെന്ന് യൂത്ത് കോൺഗ്രസ്


കണ്ണൂർ: കളക്ടറുടെ തീരുമാനം കൊവിഡ് മൂലം ദുരിതത്തിലായ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളി വിടുന്നതാണെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുദീപ് ജെയിംസ് പ്രസ്താവിച്ചു. യാതൊരു മുന്നൊരുക്കവുമില്ലാതെ തോന്നിയതുപോലെ തീരുമാനങ്ങളെടുത്തു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയിൽ നിന്നും പിന്മാറണം. ജനങ്ങളുടെ ആശങ്ക അകറ്റാതെ അധികാരം ഉപയോഗിച്ച് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനാണ് ശ്രമമെങ്കിൽ തീരുമാനത്തിനെതിരെ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവ് അപ്രായോഗീകവും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതുമായതിനാൽ ഉടൻ പിൻവലിക്കണമെന്ന് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നിർദ്ദേശം അപ്രായോഗികവും സാധാരണക്കാരെ ദ്രോഹിക്കുന്ന സമീപനവുമാണെന്ന് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റിയും അഭിപ്രായപ്പെട്ടു.

Advertisement
Advertisement