പെഗസസ് ഇരകൾ അഭിഭാഷകരും ആക്റ്റിവിസ്റ്റുകളും

Monday 26 July 2021 12:00 AM IST

ന്യൂഡൽഹി: ഇസ്രയേൽ സ്‌പൈവെയറായ പെഗസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിന് ലോകത്ത് ഏറ്റവും കൂടുതൽ ഇരയായത് അഭിഭാഷകരും ആക്റ്റിവിസ്റ്റുകളുമാണെന്ന് ബ്രിട്ടീഷ് പത്രമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്‌തു. തീവ്രവാദികളെയും കൊടും കുറ്റവാളികളെയും നിരീക്ഷിക്കാൻ മാത്രമാണ് പെഗസസ് ഉപയോഗിക്കുന്നതെന്ന് സ്‌പൈവെയർ വികസിപ്പിച്ച എൻ.എസ്.ഒ കമ്പനി ഉറപ്പിച്ച് പറയുമ്പോഴും തെളിവുകൾ ഈ വാദത്തിന് എതിരാണ്.

ജെ.എൻ.യു വിദ്യാർത്ഥിയും ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയൻ നേതാവുമായ ഉമർ ഖാലിദിന്റെ ഫോൺ 2018 മുതൽ ചോർത്തുന്നുണ്ട്. 2020 സെപ്റ്റംബറിൽ ഡൽഹി കലാപത്തിന്റെ പേരിൽ യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്യും വരെ ചോർത്തൽ തുടർന്നു. ഭീമ കൊറേഗാവ് കേസിൽ ജയിലുകളിൽ കഴിയുന്ന ഹാനി ബാബു,​ ഷോമ സെൻ,​ റോൺ വില്യംസ് തുടങ്ങിയവർ നിരീക്ഷണ ലിസ്റ്റിലുണ്ട്. ജയിലിൽ മരിച്ച ഫാ. സ്റ്റാൻ സ്വാമിയും നിരീക്ഷണത്തിലായിരുന്നു.


അസർബൈജാൻ സ്വേഛാധിപതി ഇൽഹാം അലിയെവിനെതിരെ ശബ്ദിച്ച ഫാത്തിമ മൊവ്‌ലാംലി അടക്കം അറുപതോളം ആക്റ്റിവിസ്റ്റികളുടെ ഫോണുകൾ 2019ൽ ചോർത്തി. സൗദി അറേബ്യക്കാരിയായ ആക്റ്റിവിസ്റ്റ് ലൗജെയ്ൻ അൽ ഹത്ത്‌ലോൽ പട്ടികയിലുണ്ട്. ഭരണകൂടത്തിനെതിരെ പ്രതികരിച്ചതിന് 2018ൽ രാജ്യം വിടാൻ നിർബന്ധിതയായ ഇവരെ തിരിച്ചെത്തിയപ്പോൾ മൂന്ന് വർഷത്തോളം ജയിലിൽ അടച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ മോചിതയായെങ്കിലും മാദ്ധ്യമങ്ങളോട് സംസാരിക്കനോ യാത്രചെയ്യാനോ അനുവാദമില്ല.


ലണ്ടൻ സ്വദേശിയായ അഭിഭാഷകൻ റോഡ്നി ഡിക്സൻ,​ ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിംഗിന്റെ ഭാര്യ മിനാൽ ഗാഡ്ലിംഗ്, ട്രൈബൽ ആക്ടിവിസ്റ്റ് സോണി സൊരി ,​ മുൻ ജമ്മു കാശ്‌മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി തുടങ്ങിയവരും ലിസ്റ്റിലുണ്ട്.

Advertisement
Advertisement