പശ്ചിമഘട്ട മേഖലാ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയേടത്തു തന്നെ !

Monday 26 July 2021 12:40 AM IST

കൽപ്പറ്റ: കേരള വെറ്ററിനറി സയൻസ് സർവകലാശാലയുടെ പൂക്കോട് കാമ്പസിൽ വന്യജീവി ഗവേഷണത്തിനും പട്ടികവർഗ ക്ഷേമത്തിനും ലക്ഷ്യം വെച്ചു തുടക്കമിട്ട പശ്ചിമഘട്ട മേഖലാ ഇൻസ്റ്റിറ്റ്യൂട്ട് ഇനിയും നല്ല നേരം തെളിഞ്ഞില്ല. ഉദ്ഘാടനം കഴിഞ്ഞ് കാലം കുറേ ചെന്നിട്ടും ഒരു ബോർഡ് പോലുമായില്ല സ്ഥാപനത്തിന്.
പൂക്കോട് കാമ്പസിൽ 2011ൽ പ്രവർത്തനമാരംഭിച്ച വന്യജീവി പഠനകേന്ദ്രമാണ് 2018-ൽ പശ്ചിമഘട്ട മേഖലാ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തിയത്. വന്യജീവികളുമായി ബന്ധപ്പെട്ട സാമൂഹിക വിഷയങ്ങളുടെ പഠനത്തിന് കൂടുതൽ ഊന്നൽ നൽകാനായാണ് വിപുലമായ തലത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിന് രൂപം നൽകിയത്.
വന്യജീവികളും മനുഷ്യരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദപഠനത്തിനും ഗവേഷണത്തിനും സൗകര്യമൊരുക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യം. ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം, വന്യജീവിശല്യം മൂലം പ്രയാസം അനുഭവിക്കുന്ന കർഷകർക്ക് സുസ്ഥിര കാർഷിക രീതികളിലൂടെ അഭിവൃദ്ധി പ്രാപിക്കുന്നതിന് സാങ്കേതിക സഹായം തുടങ്ങിയവയും ലക്ഷ്യങ്ങളിൽ ഉൾപ്പെടും. ഇൻസ്റ്റിറ്റ്യട്ട് സ്ഥാപിതമായെന്നല്ലാതെ പ്രവർത്തനം ഇനിയും പാളത്തിൽ കയറിയില്ലെന്നു മാത്രം.

ഇൻസ്റ്റിറ്റ്യൂട്ട് നീട്ടിക്കൊണ്ടു പോവരുതെന്ന നിരന്തര സമ്മർദ്ദത്തെ തുടർന്നാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം നിർവഹിച്ചത്. പക്ഷേ, പിന്നീട് ആവശ്യത്തിന് അദ്ധ്യാപകരെയോ ജീവനക്കാരെയോ നിയമിച്ചില്ല. വന്യജീവി പഠന കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസറൊഴിച്ച് മറ്റു ഏഴു പേരും ദിവസവേതനക്കാരാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വെറ്ററിനറി - വെറ്ററിനറി ഇതര ബിരുദാനന്തര വിദ്യാർത്ഥികളാണ് സ്ഥാപനത്തിലെ പഠിതാക്കൾ. പുതിയ കാമ്പസിന് വൈത്തിരി പഞ്ചായത്തിൽ സ്ഥലം കണ്ടെത്തുമെന്ന് പറഞ്ഞെങ്കിലും അതും നടപ്പായില്ല.

Advertisement
Advertisement