കൊടകര കുഴൽപ്പണ കേസ് ; അനുബന്ധ റിപ്പോർട്ട് ഉടനുണ്ടാകില്ല

Sunday 25 July 2021 11:45 PM IST

തൃശൂർ : കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് അനുബന്ധ റിപ്പോർട്ട് വൈകിയേക്കും. തുടരന്വേഷണത്തിന്റെ ഭാഗമായി ഇനിയും കണ്ടെടുക്കാനുള്ള പണത്തിനായി അന്വേഷണം തുടർന്നേക്കും. നിലവിൽ പ്രതികളെല്ലാം റിമാൻഡിലാണ്. കുറ്റപത്രം സമർപ്പിച്ച സ്ഥിതിക്ക് ഇവരെ ഇനി കസ്റ്റഡിയിൽ ലഭിക്കില്ല. അതുകൊണ്ട് അവർക്ക് ജാമ്യം ലഭിച്ച ശേഷം വീണ്ടും അവരെ കസ്റ്റഡിയിലെടുക്കാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്.

കൊടകരയിലെ കവർച്ചയ്ക്ക് പുറമേ സേലത്ത് വച്ചും പണം തട്ടിയെടുത്തതായുള്ള മൊഴി ലഭിച്ചിരുന്നു. കൂടാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോടികൾ കൊണ്ടു വന്നുവെന്ന വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷണം നടത്തി അതിന്റെ വിശദാംശങ്ങളും അനുബന്ധ റിപ്പോർട്ടിൽ ചേർക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. നിലവിൽ ബി.ജെ.പി നേതാക്കളെ പ്രതി ചേർക്കാതെയുള്ള റിപ്പോർട്ടാണ് നൽകിയിരിക്കുന്നതെങ്കിലും ബി.ജെ.പിയെ മുൾമുനയിൽ നിറുത്താവുന്ന നിരവധി കണ്ടെത്തലുകൾ ഉൾപ്പെടുത്തിയുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേഷ് എന്നിവർ അറിഞ്ഞാണ് പണം കൊണ്ടുവന്നിട്ടുള്ളതെന്ന പരാമർശം ബി.ജെ.പിയെ കേസ് അവസാനിക്കുന്നത് വരെ അലട്ടും.

Advertisement
Advertisement