സൗദിയിൽ അനധികൃത താമസക്കാർക്കെതിരെ നടപടി

Monday 26 July 2021 1:17 AM IST

റിയാദ്: രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി കഴിയുന്ന പ്രവാസികൾക്കെതിരെ നടപടികൾ കർശനമാക്കി സൗദി അറേബ്യ. വിവിധ സുരക്ഷാ സേനകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്സും നടത്തിയ വ്യാപക പരിശോധനകളിൽ നിയമവിരുദ്ധ താമസക്കാരിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് മലയാളികൾ ഉൾപ്പെടെ 14,600 പേരെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റെസിഡൻസി, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ തുടങ്ങിയവ ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ 4500 പേർ റെസിഡൻസി നിയമം, 1000 ത്തിലേറെ പേർ തൊഴിൽ നിയമം, 9000 പേർ അതിർത്തി സുരക്ഷാ നിയമങ്ങൾ തുടങ്ങിയവ ലംഘിച്ചവരാണ്. 270 പേരെ രാജ്യത്ത് അനധികൃത പ്രവേശനം നടത്തിയതിനും 127 പേരെ പുറത്ത് കടക്കാൻ ശ്രമിച്ചതിനും പിടികൂടി. ഇത്തരക്കാർക്ക് അഭയം നല്കുകയും യാത്രാസൗകര്യം ഏർപ്പെടുത്തുകയും ചെയ്ത അഞ്ചു പേരെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

പിടികൂടപ്പെട്ട 60,000 ത്തിലേറെ പേരാണ് നിലവിൽ നിയമ നടപടികൾ കാത്തുകഴിയുന്നത്.

നിയമ ലംഘനങ്ങൾ നടത്തുന്നവരെയും അവയ്ക്ക് കൂട്ടുനിൽക്കുന്നവരെയും 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Advertisement
Advertisement