ഡുകാറ്റിയുടെ 2021 മൾട്ടിസ്‌ട്രാഡ വി4 എത്തി, പ്രത്യേകതകൾ ഇങ്ങനെ

Monday 26 July 2021 3:48 AM IST

കൊച്ചി: അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിൽ ഡുകാറ്റി ഒരുക്കിയ മൾട്ടിസ്‌ട്രാഡ വി4, വി4 എസ് എന്നിവ ഇന്ത്യയിലെത്തി. മൾട്ടിസ്‌ട്രാഡയുടെ ഈ നാലാംതലമുറ പതിപ്പ്, ലോകത്ത് ഫ്രണ്ട്, റിയർ റഡാർ റൈഡർ-അസിസ്‌റ്റൻസ് സംവിധാനമുള്ള ലോകത്തെ ആദ്യ ബൈക്കാണ്. വി4ന് 18.99 ലക്ഷം രൂപയും വി4 എസിന് 23.10 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. കൊച്ചിയടക്കം ഇന്ത്യയിലെ ഡീലർഷിപ്പുകളിൽ ബുക്കിംഗ് തുടങ്ങി. ഒരുലക്ഷം രൂപയടച്ച് ബുക്ക് ചെയ്യാം. ഡെലിവറി വൈകാതെ തുടങ്ങും.

ഡുകാറ്റിയുടെ അഡ്വഞ്ചർ ടൂറർ ബൈക്ക് ശ്രേണിയിലെ ശ്രദ്ധേയതാരമായ വി4ലെ റഡാർ സംവിധാനം റൈഡിംഗ് കൂടുതൽ സുഖകരമാക്കും. അഡാപ്‌ടീവ് ക്രൂസ് കൺട്രോൾ, ബ്ളൈൻഡ് സ്‌പോട്ട് ഡിറ്റ്‌ഷൻ എന്നിവയിലൂടെയാണത്. ഇന്ത്യയിൽ വി4എസിൽ ഈ ഫീച്ചർ സ്‌റ്റാൻഡേർഡാണ്. കളർ ടി.എഫ്.ടി ഡിസ്‌പ്ളേ, ഡുകാറ്റി കണക്‌ട് മിററിംഗ് സിസ്‌റ്റം എന്നിവ മുഖ്യാകർഷണങ്ങളാണ്. കണക്‌ടഡ് സിസ്‌റ്റത്തിലൂടെ റൈഡിംഗ് മോഡുകൾ, എ.ബി.എസ്., ട്രാക്‌ഷൻ കൺട്രോൾ തുടങ്ങി ഒട്ടേറെക്കാര്യങ്ങൾ നിയന്ത്രിക്കാം.

170 ബി.എച്ച്.പി കരുത്തുള്ള, പുതിയ ഗ്രാൻ ടൂറിസ്‌മോ 1,158 സി.സിയാണ് എൻജിൻ. ടോർക്ക് 125 എൻ.എം. വി4 എസിന് ഏവിയേറ്റർ ഗ്രേ കളർ ഓപ്‌ഷനുമുണ്ട്. വില 23.30 ലക്ഷം രൂപ.

Advertisement
Advertisement