ആദ്യം വിളിക്കുക റോംഗ് നമ്പറെന്ന വ്യാജേന, പിന്നെ 'അറയ്ക്കൽ തറവാടിലും മരണമുറിയിലും' ഉൾപ്പെടുത്തും, പീഡന കേസിൽ അറസ്റ്റിലായ കോട്ടയം സ്വദേശികളുടേത് പുത്തൻ രീതികൾ
കല്ലമ്പലം: സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് പീഡനത്തിരയാക്കുന്ന മൂവർസംഘം അറസ്റ്റിൽ. കോട്ടയം മുണ്ടക്കയം എരുമേലി വടക്ക് പുഞ്ചവയൽ കോളനിയിൽ ചലഞ്ച് (20), കോട്ടയം മുണ്ടക്കയം പുഞ്ചവയൽ കോളനിയിൽ ജോബിൻ (19), 17 വയസുള്ള ആൺകുട്ടി എന്നിവരാണ് അറസ്റ്റിലായത്. ഓൺലൈൻ ക്ലാസിനുവേണ്ടി വാങ്ങികൊടുത്ത മൊബൈലുകൾ വഴിയാണ് മൂവർ സംഘം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് പീഡനത്തിനിരയാക്കുന്നത്.
പള്ളിക്കലിലുള്ള 15 വയസുള്ള പെൺകുട്ടിയെയാണ് മൂവർസംഘം വലയിലാക്കിയത്. ഫേസ്ബുക്കിലൂടെയും മറ്റും പെൺകുട്ടിയുടെ മൊബൈൽ നമ്പർ കരസ്ഥമാക്കുകയും തുടർന്ന് റോംഗ് നമ്പറെന്ന വ്യാജേന പെൺകുട്ടിയെ വിളിക്കുകയും ചെയ്തു. തുടർന്ന് ലൈംഗിക കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഗ്രൂപ്പുകളിൽ കുട്ടിയെ ഉൾപ്പെടുത്തുകയും കുട്ടിയുടെ നമ്പർ കൈമാറുകയും ചെയ്തു. അറയ്ക്കൽ തറവാട്, മരണമുറി എന്നിങ്ങനെ പേരുകളുള്ള വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലാണ് പെൺകുട്ടിയെ ചേർത്തത്. ചാത്തന്നൂരുള്ള 17 വയസുകാരനാണ് പെൺകുട്ടിയെ ആദ്യം പരിചയപ്പെട്ടതും ഗ്രൂപ്പുകളിൽ ചേർത്തതും.
മൊബൈൽ ഗെയിമിനും ലഹരി മരുന്നിനും അടിമയായ പതിനേഴുകാരൻ മുണ്ടക്കയത്തുള്ള ചലഞ്ച്, ജോബിൻ എന്നീ പ്രതികൾക്ക് പെൺകുട്ടിയെ പരിചയപ്പെടുത്തുകയും തുടർന്ന് പെൺകുട്ടിയെ വശീകരിച്ച് ഇവരുടെ വലയിലാക്കുകയും ചെയ്തു. വീഡിയോ കാൾ വഴി ഭീഷണിപ്പെടുത്തി ലൈംഗിക കാര്യങ്ങൾ ചെയ്യാൻ പെൺകുട്ടിയെ ഇവർ നിർബന്ധിക്കുകയായിരുന്നു. പെൺകുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസം കണ്ടതിനെ തുടർന്ന് വീട്ടുകാരുടെ നിരീക്ഷണത്തിലാണ് സംഭവം പുറത്തായത്.
ഇതോടെ പെൺകുട്ടി രക്ഷിതാക്കളോടൊപ്പം പള്ളിക്കൽ സ്റ്റേഷനിലെത്തി പരാതിനൽകുകയായിരുന്നു. പോക്സോ, ഐ.ടി ആക്ട് വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സഹിൽ, വിജയകുമാർ, ഉദയകുമാർ, സി.പി.ഒ മാരായ രാജീവ്, ബിനു, ശ്രീരാജ്, പ്രസേനൻ, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘം അന്വേഷണം ഊർജ്ജിതമാക്കുകയും മുണ്ടക്കയം പുഞ്ചവയൽ കോളനിയിൽ നിന്ന് ചലഞ്ചിനെയും ജോബിനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് 17 കാരനെ ചാത്തന്നൂരി നിന്ന് പിടികൂടി. പ്രതികളുടെ കൈയിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി പെൺകുട്ടികളെ പ്രതികൾ ഇത്തരത്തിൽ വശീകരിച്ചതായി പൊലീസിന് മനസിലായി. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.