ആട്ടിടയന്മാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതികൾ തയ്യാറാക്കി, കാർഗിലിലെ വിജയചരിത്രം വീണ്ടും ഓർക്കപ്പെടുമ്പോൾ

Monday 26 July 2021 10:30 AM IST

ന്യൂഡൽഹി: 1999 മേയ് മാസം ഇന്ത്യൻ ജനത ഒരുകാലത്തും മറക്കില്ല. വെടിനിർത്തലിന്റെ മറവിൽ കൊടും തീവ്രവാദികളെ ഇന്ത്യയിലേക്ക് ഒളിച്ചുകടത്താനുള്ള അയൽരാജ്യത്തിന്റെ ശ്രമം ഇന്ത്യ തിരിച്ചറിഞ്ഞ സമയമായിരുന്നു അത്. കാർഗിൽ ഉൾപ്പെടുന്ന അതിർത്തി പ്രദേശങ്ങളിലെ കനത്ത മഞ്ഞുവീഴ്ചയെ മറയാക്കി പാക്കിസ്ഥാൻ സൈന്യത്തിന്റെ കൂടെ സഹായത്തോടെ ഒരു പറ്റം തീവ്രവാദികൾ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നുഴഞ്ഞുകയറി.

ശ്രീനഗർ - ലേ ദേശീയപാതയിലൂടെ പോകുന്ന ഇന്ത്യൻ സൈന്യത്തിന്റെ വാഹനങ്ങളെ ഇവർ ആക്രമിക്കുമ്പോഴാണ് ഇന്ത്യൻ സൈന്യം തീവ്രവാദികളുടെ സാന്നിധ്യം മനസിലാക്കുന്നത്. കാശ്മീരിലെ അതിശൈത്യത്തിൽ ഇന്ത്യൻ മണ്ണിലേക്ക് നുഴഞ്ഞുകയറിയ പാകിസ്ഥാനികൾ ഏറ്റവും ഉയരമുള്ള ഭാഗങ്ങളിൽ കയറി നിലയുറപ്പിച്ചിരുന്നു. ഇവിടെ ഇരുന്നുകൊണ്ടാണ് തീവ്രവാദികൾ ഇന്ത്യൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തെ ആക്രമിച്ചത്.

കാർഗിലിലെ മലനിരകളിൽ ആടുകളെ മേയ്ക്കുന്ന നാടോടികളായ ആട്ടിടയന്മാരാണ് ഇന്ത്യൻ സൈന്യത്തിന് തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ച് ആദ്യ സൂചനകൾ നൽകുന്നത്. ആട്ടിടയന്മാരിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഇന്ത്യൻ സേന ഓപ്പറേഷൻ വിജയ്ക്ക് ആരംഭം കുറിച്ചു.

വിദേശ നി‌ർമിതമായ ബൊഫോഴ്സ് ഗണ്ണുകൾ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ ഇന്ത്യൻ സേനയെ വളരെയേറെ സഹായിച്ചു. യുദ്ധത്തിൽ വ്യോമസേന ഇന്ത്യൻ വിജയത്തിൽ വലിയൊരു പങ്കാണ് വഹിച്ചത്. ഇന്ത്യയുടെ നാവികസേന നടത്തിയ ചില നിർണായക നീക്കങ്ങൾ പാകിസ്ഥാന്റെ പ്രതിരോധം ദുർബലമാക്കുകയും ചെയ്തു. യുദ്ധത്തിൽ ഇന്ത്യ വിജയിച്ചുവെങ്കിലും 527 ധീര സൈനികരെയാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്ന് മാസത്തോളം നീണ്ടുനിന്ന യുദ്ധം 1999 ജൂലായിലാണ് അവസാനിക്കുന്നത്.

ഇന്ത്യയുടെ പ്രതിരോധസംവിധാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ സർക്കാർ തുടർന്നുള്ള ഓരോ വർഷങ്ങളിലും കേന്ദ്ര ബഡ്ജറ്റിൽ പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള തുക വർദ്ധിപ്പിക്കാൻ ആരംഭിച്ചു.

കാർഗിലിലെ ആദ്യ രക്തസാക്ഷികളിലൊരാളായിരുന്നു മലയാളിയായ വിശ്വനാഥൻ. അദ്ദേഹത്തിന്റെ പേരാണു ദ്രാസിലെ പോളോ മൈതാനത്തിനു നൽകിയിരിക്കുന്നത്. മലയാളി ക്യാപ്റ്റൻ ഹനീഫുദ്ദീന്റെ പേരാണു ബട്ടാലിക് സെക്ടറിലെ ഒരു ഉപമേഖലയ്ക്കു നൽകിയിട്ടുള്ളത്. ഇവിടെ പാക്ക് സേനയുമായി നേരിട്ടുള്ള പോരാട്ടത്തിലാണ് ഹനീഫുദ്ദീൻ രക്തസാക്ഷിയാകുന്നത്. ഡൽഹിയിലെ മയൂർ വിഹാറിലെ ഒരു റോഡും ഹനീഫുദ്ദീന്റെ പേരിലാണ് അറിയപ്പെടുന്നത്.

Advertisement
Advertisement