മധുരമില്ലാത്ത മിഠായികളുള്ള രാജ്യമോ? ഇന്ത്യയുടെ രുചിവൈവിധ്യത്തിൽ അമ്പരന്ന് അമേരിക്കകാർ

Monday 26 July 2021 11:56 AM IST

ന്യൂഡൽഹി: ഇന്ത്യക്കാർക്ക് ഹാജ്മോള മിഠായികൾ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമുണ്ടാകില്ല. വർഷങ്ങളായി ഇന്ത്യയിൽ നിലവിലുള്ള മിഠായികളാണ് ഹാജ്മോള. പുളിപ്പും മധുരവും ഇടകലർന്ന് വരുന്ന ഹാജ്മോള മിഠായികൾ സ്കൂളിൽ പഠിക്കുമ്പോൾ ഒരിക്കലെങ്കിലും രുചിച്ച് നോക്കാത്തവർ ഉണ്ടാകില്ല. എന്നാൽ അമേരിക്കക്കാരുടെ അവസ്ഥ അതല്ലല്ലോ. അവർ ഒരുപക്ഷേ ആദ്യമായിട്ടാകും ഇത്തരമൊരു മിഠായി കാണുന്നതു തന്നെ. ഇത്തരത്തിൽ അമേരിക്കകാ‌ർ ഹാജ്മോള മിഠായികൾ കഴിക്കുന്ന വീഡിയോ ഇപ്പോൾ യൂട്യൂബിൽ വൈറലായിരിക്കുകയാണ്. 'ഔവർ സ്റ്റുപിഡ് റിയാക്ഷൻസ്' എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ വന്നിരിക്കുന്നത്.

വീഡിയോയിൽ പലരും മിഠായി തിന്നാൻ കഷ്ടപ്പെടുന്നുണ്ട്. കോഴി ഇറച്ചി പാകപ്പെടുത്താൻ ഉപയോഗിക്കുന്ന വിനാഗിരിയുമായാണ് ചിലർ മിഠായിയെ താരതമ്യപ്പെടുത്തിയത്. ചിലർ ഇത് ചവയ്ക്കണോ, വിഴുങ്ങണോ അതോ തുപ്പിക്കളയണോ എന്നറിയാതെ വിഷമിക്കുന്നുണ്ടായിരുന്നു. മധുരമില്ലാത്ത മിഠായികൾ താൻ ജീവിതത്തിൽ ആദ്യമായി കാണുകയാണെന്ന് വീഡിയോയിൽ പങ്കെടുത്ത മറ്റൊരു സ്ത്രീ അഭിപ്രായപ്പെട്ടു.

രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് കീഴിൽ വന്നിട്ടുണ്ട്. കൂടുതലും ഇന്ത്യക്കാരാണ് വീഡിയോയ്ക്ക് കീഴിൽ കമന്റുകൾ ഇട്ടിട്ടുള്ളത്. അതിൽ ഒരാൾ അവഞ്ചേഴ്സ് സിനിമയുടെ പ്രശസ്തമായ സംഭാഷണത്തെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്. അമേരിക്കയ്ക്ക് ഹൾക്ക് ഉണ്ടെങ്കിൽ ഇന്ത്യക്ക് ഹാജ്മോള മിഠായികൾ ഉണ്ടെന്നായിരുന്നു ആ വിരുതന്റെ കമന്റ്.

Advertisement
Advertisement