യെദ്യുരപ്പ എന്ന വന്മരം വീണു, പകരം ആര്?; കർണാടകയിൽ ഉയർന്നു കേൾക്കുന്ന പേരുകൾ ഈ നേതാക്കളുടേത്

Monday 26 July 2021 12:49 PM IST

ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബി.എസ് യെദ്യുരപ്പ രാജിവച്ചിരിക്കുകയാണ് കർണാടകയിൽ. ഏറെ നാളത്തെ നാടകങ്ങൾക്കൊടുവിലാണ് അദ്ദേഹം സ്ഥാനം രാജിവച്ചിരിക്കുന്നത്. പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരാകും എന്നതാണ് ഇനിയുള‌ള ചർച്ച.

നിരവധി പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്ത് തങ്ങളുടെ സമുദായത്തിൽ നിന്നുള‌ളയാൾ വേണമെന്ന് ലിംഗായത്ത് സമുദായക്കാർ കഴിഞ്ഞ കുറച്ച് നാളുകളായി നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. നിലവിൽ ഈ സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്ന പേരുകൾ ബസൻഗൗണ്ട രാമൻഗൗഡ പട്ടീൽ യത്നൽ, അരവിന്ദ് ബെല്ലാട്, മുരുകേശ് നിരാനി എന്നിവരുടെതാണ്.

ഇവരിൽ മുരുകേശ് നിരാനി ഡൽഹിയിൽ കേന്ദ്ര നേതാക്കളെ ഞായറാഴ്‌ച സന്ദർശിച്ച് ചർച്ച നടത്തിയതായും വിവരമുണ്ട്.നിലവിൽ സംസ്ഥാന ഖനന വകുപ്പ് മന്ത്രിയാണ് മുരുകേശ് നിരാനി. ഇതോടൊപ്പം ആഭ്യന്തര മന്ത്രിയായ ബസവരാജ് ബൊമ്മൈയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി കേൾക്കുന്നുണ്ട്.

എന്നാൽ മുരുകേശ് നിരാനി കേന്ദ്ര നേതാക്കളെ കണ്ടത് വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. ഗൗഡ സമുദായത്തിന് പ്രാമുഖ്യം ലഭിച്ചാൽ മുൻ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയോ സി.ടി രവിയോ മുഖ്യമന്ത്രിയാകും. ആർ.അശോക്, സി.എൻ അശ്വന്ത് നാരായണൻ എന്നിവർക്കും സാദ്ധ്യത കൽപ്പിക്കുന്നുണ്ട്. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയുടെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്.

ഇന്ന് രാജി പ്രഖ്യാപിച്ചപ്പോൾ യെദ്യൂരുപ്പ വികാരഭരിതനായാണ് പ്രതികരിച്ചത്. ദു:ഖം കൊണ്ടല്ല സന്തോഷം കൊണ്ടാണ് കണ്ണീരണിഞ്ഞതെന്നും യെദ്യൂരപ്പ പ്രതികരിച്ചു. 75 വയസിന് ശേഷവും തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനുവദിച്ചതിന് അദ്ദേഹം കേന്ദ്ര നേതൃത്വത്തോട് നന്ദി പറഞ്ഞു.