ഇനി അപകടം പേടിക്കാതെ സുരക്ഷിതമായി യാത്ര ചെയ്യാം, തീ പിടിച്ച് നശിക്കാത്ത അത്യാധുനിക കോച്ച് തയ്യാറാക്കി ഇന്ത്യൻ റെയിൽവെ

Monday 26 July 2021 4:14 PM IST

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവുമധികം തിരക്കേറിയതും സജീവവുമായ റെയിൽവെ സംവിധാനമാണ് ഇന്ത്യയിലേക്ക്. നൂറ് കോടിയിലധികം വരുന്ന ജനങ്ങൾക്ക് ഉപയോഗത്തിനായി നിരന്തരം അതിൽ പരീക്ഷണങ്ങളും പുതുമകളും വന്നുകൊണ്ടേയിരിക്കും. അത്തരത്തിൽ അപകടങ്ങളുടെ വ്യാപ്‌തി കുറയ്‌ക്കുന്നതിനുള‌ള റെയിൽവെയുടെ പുതിയ സംവിധാനം ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.

പഞ്ചാബിലെ കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്‌ടറിയിൽ പുതുതായി നിർമ്മിച്ച യാത്രാ കോച്ചുകൾ തീപിടുത്തം ചെറുക്കാൻ കഴിവുള‌ളതാണ്. ഇവിടെ നടത്തിയ വിവിധ പരീക്ഷണങ്ങൾക്കൊടുവിൽ ഇത്തരത്തിൽ കോച്ച് വികസിപ്പിച്ചെടുത്തതായാണ് ആ‌ർ‌സി‌എഫ് ജനറൽ മാനേജർ രവീന്ദർ ഗുപ്‌ത അഭിപ്രായപ്പെട്ടത്. പുതിയ കോച്ചിന്റെ പ്രകടനം നിരീക്ഷിച്ച ശേഷം അവ മറ്റിടങ്ങളിലേക്ക് നൽകുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇലക്‌ട്രിക്കൽ ഫിറ്റിംഗ്, ടെർമിനൽ ബോ‌ർഡ്, കണക്‌ടർ ഇവയ്‌ക്കെല്ലാമായി മെച്ചപ്പെട്ട വസ്‌തുക്കളാണ് ഉപയോഗിച്ചത്. കോച്ചിൽ യാത്രക്കാരുടെ സുരക്ഷക്കായി അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിക്കും. ഇതിലൂടെ തീപിടിത്തത്തിൽ നിന്ന് യാത്രക്കാർ പരമാവധി സുരക്ഷിതരെന്ന് റെയിൽവെ ഉറപ്പാക്കും.

1992ൽ മേൽക്കൂരയിൽ എസി ഘടിപ്പിച്ച് കോച്ചുകൾ പുറത്തിറക്കിയത് കപൂർത്തലയിലെ കോച്ച് ഫാക്‌ടറിയിലാണ്. നാളിതുവരെ അത് സുരക്ഷിതമാണ്. ഇത്തരത്തിൽ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതാകും പുതിയ കോച്ചും.