മീരാബായ് ചാനു തിരികെ ഇന്ത്യയിലെത്തി; 'ഭാരത് മാതാ കീ ജയ്' വിളികളുമായി വരവേറ്റ് ആരാധക‌ർ, എഎസ്‌പിയായി നിയമനം നൽകുമെന്ന് മണിപ്പൂർ സർക്കാർ

Monday 26 July 2021 6:31 PM IST

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ രാജ്യത്തിന് അഭിമാനമായി വെള‌ളി മെഡൽ നേടിയ മീരാബായ് ചാനു ഇന്ത്യയിൽ തിരികെയെത്തി. 'ഭാരത് മാതാ കീ ജയ്' വിളികളോടെ ആവേശത്തോടെയാണ് ആരാധക‌‌ർ ചാനുവിനെ വരവേറ്റത്. 2000ലെ സിഡ്നി ഒളിമ്പിക്‌സിൽ ക‌ർണം മല്ലേശ്വരി നേടിയ മെഡലിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വഹനത്തിന് മെഡൽ കരസ്‌ഥമാക്കുന്നത്. ഒളിമ്പിക്‌സിന്റെ ആദ്യ ദിനം തന്നെ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരവുമാണ് മീരാബായ് ചാനു.

ന്യൂഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ ചാനുവിനെ വലിയ കരഘോഷത്തോടെ എയർപോർട്ട് ജീവനക്കാർ സ്വീകരിച്ചു. താൻ മണിപ്പൂരിന്റെ മാത്രമല്ല ഇന്ത്യയുടെ മുഴുവൻ സ്വന്തമാണെന്ന് മീരാബായ് ചാനു പ്രതികരിച്ചു. അ‌ഞ്ച് വർഷം മുൻപ് റിയോയിൽ കൈവിട്ട നേട്ടത്തിനെ തിരികെ പിടിച്ച് ശക്തമായ സാന്നിദ്ധ്യമാണ് മീരാബായ് ചാനു ഇത്തവണ ഒളിമ്പിക്‌സിൽ നൽകിയിരിക്കുന്നത്.

202 കിലോ ആകെ ഉയർത്തിയാണ് മീരാബായുടെ മികച്ച നേട്ടം. ഇതിനിടെ ഇന്ന് സ്വർണം നേടിയ ചൈനീസ് താരം ഷിഹുയി ഹൗനെ ഉത്തേജക മരുന്ന് പരിശോധനക്ക് വിധേയയാക്കി. ഇതിൽ പരാജയപ്പെട്ടാൽ മീരാബായ്‌ ചാനുവിന് സ്ഥാനക്കയറ്റം ലഭിക്കുകയും സ്വർണമെഡൽ ലഭിക്കുകയും ചെയ്യും.

27കാരിയായ മീരാബായ് ചാനുവിന് പാരിതോഷികമായി മണിപ്പൂർ സർക്കാർ പൊലീസിൽ എഎസ്‌പി പദവി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

Advertisement
Advertisement