പ്രധാനമന്ത്രിയുടെ ഓഫീസിലും പെഗാസസ്: ഉദ്യോഗസ്ഥന്റെ ഫോൺ ചോർത്തി,​ കെജ്‌രിവാളിന്റെ പി.എയുടെയും ഇഡി ഉദ്യോഗസ്ഥന്റെയും ഫോണുകളും പട്ടികയിൽ

Monday 26 July 2021 7:53 PM IST

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ‌ജ്‌രിവാളിന്റ പേഴ്സണൽ അസിസ്റ്റന്റായിരുന്ന ഐ.എ.എസ് ഓഫീസറുടെയും ഫോണുകൾ ചോർത്തിയെന്ന് ദ വയർ റിപ്പോർട്ട് ചെയ്യുന്നു. മുതിർന്ന ഇ,​ഡി ഓഫീസർ രാജേശ്വർ സിംഗിന്റെ ഫോണും ചോർത്തിയതിൽപെടുന്നു. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ഡയറക്ടർ ജനറലായ കെ,​കെ ശർമ്മയുടെ ഫോൺ വിവരങ്ങളും ചോർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. .

പ്രധാനമന്ത്രിയുടെ വിദേശ യാത്രകളുടെ ചുമതല ഉണ്ടായിരുന്ന ഐ,​എ,​എസ് ഉദ്യോഗസ്ഥന്റെ ഫോൺ 2017ലാണ് ചോർത്തിയതെന്നാണ് റിപ്പോർട്ട്. ഒരു നിതി ആയോഗ് ഉദ്യോഗസ്ഥന്റെ ഫോണും ചോർത്തി.

മുതിർന്ന ഇ.ഡി ഉദ്യോഗസ്ഥനായ രാജേശ്വർ സിംഗിന്റെ രണ്ട് ഫോണുകളും കുടുംബത്തിലെ സ്ത്രീകൾ ഉപയോഗിച്ച് വന്നിരുന്ന മൂന്ന് നമ്പരുകളും നിരീക്ഷിക്കപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.. സിംഗിന്റെ സഹോദരിയും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥയും ഡല്‍ഹി ഹൈക്കോടതിയില പ്രമുഖ അഭിഭാഷകയുമായ അബ സിംഗിന്റെ പേരും ചോർത്തിയവരുടെ പട്ടികയിലുണ്ട്.. 2017 മുതൽ 2019വരെ സിംഗിന്റെ നമ്പർ നിരീക്ഷിക്കപ്പെട്ടിരുന്നവരുടെ പട്ടികയിൽ ഉണ്ടായിരുന്നു..

ലോകവ്യാപകമായി 50,000 പേരുടെ ഫോൺവിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങൾ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഒരു രാജ്യത്തിന്റെ ഭരണകൂടത്തിന് വേണ്ടിയായിരിക്കും പെഗാസസ് ചാര സോഫ്‌ട‌്‌വെയർ വിവരങ്ങൾ ശേഖരിക്കുകയെന്ന് പെഗാസസ് നിർമ്മാതാക്കളായ എൻ,​എസ്.ഒ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടി പറയാൻ കേന്ദ്ര സർക്കാർ ബാധ്യസ്തരാണെന്ന് പ്രതിപക്ഷം ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധമാണെന്ന നിലപാടിലാണ് കേന്ദ്രം