മലബാർ റിവർ ക്രൂയിസിലെ അവസാനകടവ്: മലപ്പട്ടം മുനമ്പിൽ വരാം ; പ്രകൃതിയെ കൺകണ്ട് മടങ്ങാം...

Monday 26 July 2021 8:49 PM IST
മലപ്പട്ടം മുനമ്പ് കടവിലെത്തുന്ന സഞ്ചാരികൾക്ക് പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിക്കാനുള്ള സംവിധാനം

മലപ്പട്ടം:ഉത്തരമലബാറിന്റെ ടൂറിസം ഭൂപടത്തിൽ നിർണായക സ്ഥാനം പിടിക്കാൻ മലപ്പട്ടം മുനമ്പ് കടവ് ഒരുങ്ങുന്നു. മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ സഞ്ചാരികളെ ആകർഷിക്കുന്നതിന് വിവിധ പ്രവർത്തനങ്ങളാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്. കണ്ണൂർ ,കാസർകാട് ജില്ലകളെ നദികളിലൂടെ ബന്ധിപ്പിക്കുന്ന മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ജില്ലയിലെ അവസാനകേന്ദ്രമാണ് മലപ്പട്ടം മുനമ്പ് കടവ്.

പറശ്ശിനിക്കടവിൽ നിന്ന് ആരംഭിക്കുന്ന ബോട്ട് യാത്ര മുനമ്പ് കടവിൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും വിനോദ സഞ്ചാര കേന്ദങ്ങളായ പൈതൽമല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി, പഴശ്ശി ഡാം, മാലിക് ദിനാർ പള്ളി എന്നിവിടങ്ങളിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തും. സന്ദർശനത്തിന് ശേഷം സഞ്ചാരികളെ വൈകുന്നേരത്തോടെ തിരിച്ച് ബോട്ട് ജെട്ടിയിൽ തിരിച്ചെത്തിക്കും.പ്രകൃതിഭംഗിയാണ് മുനമ്പ് കടവിന്റെ മുഖ്യ ആകർഷണം. പുഴയുടെ സൗന്ദര്യം ആസ്വദിക്കാനും മീൻ പിടിക്കാനും ഇപ്പോൾ തന്നെ ധാരാളം പേർ ഇവിടെ എത്തുന്നുണ്ട്.

ഓലക്കുട മുതൽ പീഠ നിർമ്മാണം വരെ

ഓരോ പ്രദേശത്തിനും അനുയോജ്യമായ തൊഴിൽ മേഖല, കലാരൂപം, പരിസ്ഥിതി എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് പ്രവർത്തനം. മലപ്പട്ടത്തെ ഉണക്ക് കണ്ടം മുതൽ മുനമ്പ് വരെ ഉൾപ്പെടുന്ന പ്രദേശത്തെ പരമ്പരാഗത കൈത്തൊഴിൽ കേന്ദ്രമായാണ് പരിഗണിച്ചത്. കൈത്തൊഴിൽ പരിചയപ്പെടുത്തുന്നതിനായി അഞ്ച് ആലകൾ ഒരുക്കും. പരമ്പരാഗത രീതിയിലുള്ള സ്വർണ്ണപ്പണി, കൈത്തറി, കരകൗശല വസ്തു നിർമ്മാണവും പരിശീലനവും, കുറിയ സമുദായത്തിൽപ്പെട്ടവരുടെ ഓലക്കുട നിർമ്മാണം, പീഠ നിർമ്മാണം, ഇരുമ്പു ഉപകരണങ്ങൾ നിർമ്മിക്കുന്ന ആലകൾ എന്നിവയാണ് ഇവിടെ സ്ഥാപിക്കുക.

നിർമ്മാണം പുരോഗമിക്കുന്നു

3.26 ലക്ഷം രൂപ ചെലവിൽ അഞ്ച് ആലകൾ

ഉണക്ക് കണ്ടത്തും മുനമ്പിലുമായി രണ്ട് ബോട്ട് ജെട്ടികൾ

വിശ്രമ മുറി, ടോയ്‌ലറ്റുകൾ, കോഫി ഷോപ്പുകൾ

ഇരിപ്പിടങ്ങളും മീൻ പിടിക്കുന്നതിനുള്ള സൗകര്യവും

മലപ്പട്ടം കോവുന്തല തൊട്ട് മുനമ്പ് വരെ നടപ്പാത

ലളിതകലാ അക്കാഡമി ആർട്ട് ഗാലറി

മലയോര വിനോദ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഇവിടെ നിന്ന് ആരംഭിക്കുന്നതിനാൽ മലയോരത്തിന്റെ കവാടം എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. മലപ്പട്ടം പഞ്ചായത്ത് പൂർണമായി ഡിജിറ്റലൈസ് ചെയ്ത ലൈബ്രറികളുടെ നാടും കൂടിയാണ്. ഈയൊരു സാദ്ധ്യത കൂടി കണക്കിലെടുത്തു ഗവേഷണ ആവശ്യത്തിനായി ആളുകളെ ആകർഷിക്കുന്ന തരത്തിൽ ടൂറിസത്തിന് പുതിയൊരു കാഴ്ചപ്പാട് നൽകുന്നതിനുള്ള ശ്രമവും പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്​

പി. പുഷ്പജൻ, ടൂറിസം സൊസൈറ്റി ചെയർമാൻ

Advertisement
Advertisement