ഡിപ്പാർട്ട്‌മെന്റ് ടെസ്റ്റില്ല, ഉദ്യോഗക്കയറ്റമില്ല,നിയമനമില്ല; മുറപോലെയല്ല സർക്കാർ കാര്യം

Monday 26 July 2021 8:59 PM IST

കണ്ണൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ വർഷാവർഷം നടത്തി വരാറുള്ള ഡിപ്പാർട്ട്‌മെന്റ് ടെസ്റ്റുകൾ നിർത്തി വച്ചിട്ട് രണ്ടു വർഷം കഴിയുന്നു. കൊവിഡ് ഒന്നാം ഘട്ട വ്യാപനത്തെ തുടർന്ന് 2020 ജനുവരിയിൽ നടത്താനിരുന്ന വകുപ്പ് തല പരീക്ഷാ വിജ്ഞാപനം റദ്ദ് ചെയ്യുകയായിരുന്നു. ഈ വർഷം മേയിൽ നടക്കേണ്ടിയിരുന്ന വകുപ്പ്തല പരീഷകളും പി.എസ് .സി റദ്ദാക്കുകയായിരുന്നു.

ടെസ്റ്റുകൾ റദ്ദാക്കിയത് സർവീസിൽ പ്രവേശിച്ചവരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യൽ, മറ്റ് ജീവനക്കാരുടെ ഉദ്യോഗക്കയറ്റം എന്നിവയും വൈകിപ്പിക്കുന്നുണ്ട്. സർവീസിൽ നിന്ന് വിരമിക്കാനിരിക്കുന്നവർ ഉൾപ്പെടെയുള്ള നിരവധി പേർക്ക് ഇതു മൂലം ഉദ്യോഗക്കയറ്റവും അതുമായി ലഭിച്ചേക്കാവുന്ന ശമ്പള വർദ്ധനവും ആനുകൂല്യവും നഷ്ടപ്പെടുകയാണ്. ഉദ്യോഗക്കയറ്റം ലഭിച്ച് സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് ലഭിക്കേണ്ട പെൻഷനിൽ പോലും ഇത് വലിയ കുറവാണ് വരുത്തുന്നത്.
ജീവനക്കാർ വിരമിക്കുന്നതിനും ഉദ്യോഗക്കയറ്റം നേടുന്നതിനുമനുസരിച്ചുണ്ടാകുന്ന താഴേത്തട്ടിലുള്ള ഒഴിവുകളിലേക്കാണ് പി.എസ് .സി റാങ്ക് ലിസ്റ്റിൽ നിന്നും പുതിയ നിയമനം നടത്തുക. എന്നാലിപ്പോൾ പ്രമോഷൻ നടപടികൾ തടസപ്പെടുന്നത് മൂലം വിവിധ വകുപ്പുകളിൽ നിയമനം പ്രതീക്ഷിച്ചു കഴിയുന്ന ഉദ്യോഗാർത്ഥികളെയും ആശങ്കയിലാക്കുന്നുണ്ട്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ വലിയൊരു വിഭാഗം ജീവനക്കാർ വിരമിക്കുക കൂടി ചെയ്തതോടെ ഉയർന്ന തസ്തികകളിൽ നേരിട്ട് നിയമനം ലഭിച്ച ഉദ്യോഗസ്ഥരുടെ പ്രമോഷനും വൈകുകയാണ്. ഇതാകട്ടെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെയും ബാധിച്ചേക്കും.

വഴിയില്ലെന്ന് അധികൃതർ
ഡിപ്പാർട്ട്‌മെന്റ് ടെസ്റ്റുകൾ നടത്താൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. പരീക്ഷാ കേന്ദ്രങ്ങളിൽ ജീവനക്കാർ എത്തി ഇവിടെ നിന്നും പരീക്ഷയെഴുതുന്ന രീതിയാണ് സർക്കാർ വകുപ്പുകളിലുള്ളത്. കൊവിഡ് മാനദണ്ഡമുള്ള സാഹചര്യത്തിൽ ഇത്തരത്തിൽ പരീക്ഷകൾ നടത്താനാകില്ല.

വകുപ്പ് തല പരീക്ഷയിൽ താൽക്കാലിക ഇളവ് നൽകി പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണമെന്ന് ജീവനക്കാരും തുടർന്നു വരുന്ന ഒഴിവുകളിൽ നിലവിലുള്ള ലിസ്റ്റുകളിൽ നിന്ന് നിയമനം നടത്തണമെന്നാണ് തങ്ങളുടെ ആവശ്യം-ഉദ്യോഗാർത്ഥികൾ

Advertisement
Advertisement