അസാം - മിസോറാം അതിർത്തി സംഘർഷം,​ ആറു പൊലീസുകാർ കൊല്ലപ്പെട്ടു

Monday 26 July 2021 9:17 PM IST

ന്യൂഡൽഹി: അസം - മിസോറാം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് അസമിലെ കാചര്‍- മിസോറാമിലെ കോളാസിബ് ജില്ലകളിലെ അതിര്‍ത്തി മേഖലയിലാണ് സംഘര്‍ഷം ഉടലെടുത്തത്. ഗ്രാമീണര്‍ പരസ്പരം വെടിവെപ്പ് നടത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി സര്‍ക്കാര്‍ വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്.

വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉടന്‍ ഇടപെടണമെന്ന് മിസോറാം മുഖ്യമന്ത്രി സോറാംതാഗ്മ ആവശ്യപ്പെട്ടു.അക്രമങ്ങളുടെ വീഡിയോ മിസോറാം മുഖ്യമന്ത്രി ട്വീറ്റു ചെയ്തു.

മിസോറാമിലെ ഐസ്വാള്‍, കോലാസിബ്, മാമിത് എന്നീ ജില്ലകളാണ് അസമിലെ കാചര്‍, ഹൈലാകന്‍ഡി, കരീംഗഞ്ച് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നത്. അതിര്‍ത്തിയിലെ 'തര്‍ക്ക' പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ട്. ഇരുവശത്തുമുള്ള താമസക്കാര്‍ പരസ്പരം നുഴഞ്ഞുകയറ്റം ആരോപിക്കുന്നു.കഴിഞ്ഞ ജൂണിലും നുഴഞ്ഞുകയറ്റം ആരോപിച്ച് സംഘര്‍ഷം ഉണ്ടായിരുന്നു. അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനായി മിസോറാം സര്‍ക്കാര്‍ അടുത്തിടെ ഉപമുഖ്യമന്ത്രി താന്‍ലൂയിയുടെ നേതൃത്വത്തില്‍ കമ്മീഷനെ നിയോഗിച്ചതാണ് വീണ്ടും സംഘര്‍ഷത്തിന് കാരണം.

Advertisement
Advertisement