'കോർബിവാക്‌സ്' വാക്സിൻ സെപ്തംബർ അവസാനത്തോടെ

Tuesday 27 July 2021 12:09 AM IST

ന്യൂഡൽഹി : ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോളജിക്കൽ-ഇ നിർമ്മിക്കുന്ന കോർബിവാക്‌സ് സെപ്തംബർ അവസാനത്തോടെ പുറത്തിറങ്ങുമെന്ന് സൂചന.

ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങളിൽ വിജയം കണ്ട കോർബിവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കമ്പനി വ്യക്തമാക്കുന്നു. ഉപയോഗാനുമതിയ്ക്കായി അടുത്തമാസം 21ന് അപേക്ഷ കേന്ദ്രത്തിന് സമർപ്പിക്കും.

ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന 'അഡീനോ ഇൻട്രാനേസൽ വാക്‌സിൻ' ഉൾപ്പെടെ നാലു വാക്‌സിനുകളുടെ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. രാജ്യത്തെ വാക്‌സിൻ പരീക്ഷണങ്ങളുടെ മേൽനോട്ടച്ചുമതല കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ ഡവലപ്പ്‌മെന്റ് പദ്ധതിയായ 'മിഷൻ കോവിഡ് സുരക്ഷ'യ്ക്കാണ്.