ചാരക്കേസ് ഗൂഢാലോചന സ്വ‌യം അന്വേഷിക്കൂ, തെളിവ് കണ്ടെത്തൂ, സി.ബി.ഐയോട് സുപ്രീംകോടതി

Tuesday 27 July 2021 12:51 AM IST

ന്യൂഡൽഹി : ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ അന്വേഷണം ജസ്റ്റിസ് ഡി.കെ. ജയിൻ സമിതിയുടെ റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിലാകരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സി.ബി.ഐ സ്വന്തമായി അന്വേഷിച്ച് തെളിവുകൾ കണ്ടെത്തണമെന്നും ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് നിർദ്ദേശിച്ചു.

ചാരക്കേസ് അന്വേഷണത്തിനെതിരെ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ നൽകിയ ഹർജിയിൽ സുപ്രീംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിച്ചത് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

''കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ അന്വേഷണ ഏജൻസി സ്വതന്ത്രമായി തെളിവുകൾ ശേഖരിക്കണം. ജയിൻ സമിതി റിപ്പോർട്ട് കോടതിക്കുവേണ്ടി തയ്യാറാക്കിയതാണ്. പ്രാഥമിക അന്വേഷണം മാത്രമാണ് റിപ്പോർട്ടിലുള്ളത്. അതിനാലാണ് അത് പരസ്യപ്പെടുത്താത്തത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകില്ല വിചാരണ. കേസിലെ പ്രതികൾക്ക് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാൻ അധികാരം ഉണ്ടായിരിക്കുമെന്നും ” ജസ്റ്റിസ് ഖാൻവിൽക്കർ വാക്കാൽ ചൂണ്ടിക്കാട്ടി.

നിലവിൽ ജസ്റ്റിസ് ഡി.കെ. ജയിൻ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നതെന്നും അതിനാൽ സമിതി റിപ്പോർട്ട് തങ്ങൾക്ക് കൈമാറണമെന്നും സിബി മാത്യൂസ് ഉൾപ്പെടെയുള്ള പ്രതികളുടെ അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

എഫ്.ഐ.ആർ അപ്‌ലോഡ് ചെയ്യാം

ജയിൻ റിപ്പോർട്ട് പരസ്യപ്പെടുത്താൻ പാടില്ലെന്ന് കഴിഞ്ഞ ഏപ്രിൽ 15ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സി.ബി.ഐക്കായി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ജയിൻ സമിതി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ ഉള്ളതിനാലാണ് ഗൂഢാലോചനക്കേസിലെ എഫ്‌.ഐ.ആർ ഇതുവരെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാത്തതെന്നും അറിയിച്ചു. കോടതി അനുവദിച്ചാൽ എഫ്‌.ഐ.ആർ ഉടൻ അപ്‌ലോഡ് ചെയ്യും. എഫ്.ഐ.ആർ അപ്‌ലോഡ് ചെയ്യുന്നതിൽ തെറ്റില്ലെന്നും ജയിൻ റിപ്പോർട്ടാണ് രഹസ്യമായി സൂക്ഷിക്കേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി.

സി.ബി.ഐ.അന്വേഷണം

2018ൽ നമ്പിനാരായണന് ക്ലീൻ ചിറ്റ് നൽകിയശേഷമാണ് 2018 സെപ്തംബർ 14ന് സുപ്രീംകോടതി മുൻ ജസ്റ്റിസ് ഡി.കെ. ജയിൻ അദ്ധ്യക്ഷനായ സമിതിയെ വിഷയം പഠിക്കാൻ നിയോഗിച്ചത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മുൻ അഡിഷണൽ സെക്രട്ടറി ബി.കെ. പ്രസാദ്, കേരളത്തിലെ മുൻ അഡിഷണൽ ചീഫ് സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവരായിരുന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ. കഴിഞ്ഞ ഏപ്രിലിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

''സി.ബി.ഐ ഇപ്പോൾ പ്രതിചേർത്തിട്ടുള്ളവരുടെ മൊഴിയോ അഭിപ്രായങ്ങളോ കേൾക്കാതെയാണ് ചാരക്കേസ് ഗൂഢാലോചനക്കേസിൽ ജെയിൻ കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കി നൽകിയത്. ഈ സാഹചര്യത്തിലാകാം റിപ്പോർട്ടിനു പുറത്തുള്ള വിവരങ്ങളും അന്വേഷിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചത്. റിപ്പോർട്ട് പുറത്തുവരാത്ത സാഹചര്യത്തിൽ ഇവ എന്തൊക്കെയാണെന്ന് പറയാനാവില്ല. കേസന്വേഷിച്ച ഏജൻസിക്കെതിരെ നിയമപരമായ നടപടികൾ സാദ്ധ്യമാണോ എന്നതൊക്കെ കോടതി പരിശോധിച്ചു തീർപ്പാക്കേണ്ട വിഷയങ്ങളാണ്.

-ടി. അസഫ് അലി (മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ)

Advertisement
Advertisement