'കാലമേ... നിനക്ക് അഭിനന്ദനം'

Tuesday 27 July 2021 12:00 AM IST

വിഷുക്കണി എന്ന മലയാളചിത്രത്തിലെ പാട്ടുകൾക്ക് ഈണം പകരാനെത്തിയ സംഗീതസംവിധായകൻ സലിൽ ചൗധരി ഗാനരചയിതാവായ ശ്രീകുമാരൻ തമ്പിക്ക് വരികളെഴുതാൻ ഒരു ഈണമിട്ടു കൊടുത്തു. പത്തുമിനിറ്റിനുള്ളിൽ ' മലർകൊടി പോലെ വർണത്തുടി പോലെ , മയങ്ങൂ... നീ എൻ മടി മേലെ.." എന്ന മനോഹരഗാനത്തിന്റെ പല്ലവി ശ്രീകുമാരൻ തമ്പി എഴുതിയതുകണ്ട് സലിൽ ദാ വിസ്മയിച്ചു. ഇത്രയും വേഗം പാട്ടെഴുതുന്ന ഒരു രചയിതാവിനെ തന്റെ ദീർഘമായ സംഗീതജീവിതത്തിൽ കണ്ടിട്ടേയില്ലെന്ന് പറഞ്ഞ് അഭിനന്ദിച്ചു. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളിൽ അന്തർലീനമായ സംഗീതമുണ്ടെന്നും പ്രത്യേകിച്ച് സംഗീതം നൽകേണ്ടതില്ലെന്നും വിഖ്യാത സംഗീതജ്ഞനായ എം.എസ്.വിശ്വനാഥൻ പറഞ്ഞിട്ടുണ്ട്. "ശ്രീകുമാരഗാനത്തിന്നോരോ നാദവും, മനോജ്ഞമായ് നൃത്തമാടുന്നു ,അതിലാകെയും ഹൃൽസ്പന്ദത്താൽ, കവി തീർത്തതാം താളം, വിശ്വനർത്തനത്തിന്റെ ചടുലങ്ങളാം താളം "- കവി പ്രഭാവർമ്മ എഴുതിയ 'ശ്രീകുമാരം' എന്ന കവിതയിലെ വരികളാണിത്.

278 സിനിമകൾക്ക് ഗാനങ്ങൾ രചിച്ചു, 85 സിനിമകൾക്ക് തിരക്കഥ, 30 സിനിമകൾ സംവിധാനം ചെയ്തു. 26 ചിത്രങ്ങൾ നിർമ്മിച്ചു. 42 ഡോക്യുമെന്ററികളും. ഈ ഡോക്യുമെന്ററികൾക്കും രണ്ട് സിനിമകൾക്കും സംഗീതസംവിധാനവും നിർവഹിച്ചു. മലയാളസിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേൽ അവാർഡ് നൽകി കേരളസർക്കാർ അദ്ദേഹത്തെ ആദരിച്ചു. തിരിഞ്ഞുനോക്കുമ്പോൾ തൃപ്തിയേയുള്ളുവെന്ന് ശ്രീകുമാരൻ തമ്പി പറയുമെങ്കിലും ബഹുമുഖപ്രതിഭയായ ശ്രീകുമാരൻ തമ്പി വേണ്ടരീതിയിൽ ആഘോഷിക്കപ്പെട്ടോ...? ദാദാസാഹിബ് ഫാൽക്കെയോ പദ്മശ്രീയോ ലഭിച്ചിട്ടില്ല.

'ഹൃദയവാഹിനീ... ഒഴുകുന്നു നീ ', ' ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം' , 'ഹൃദയസരസിലെ പ്രണയപുഷ്പമേ. ' ,​ ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു,, 'അകലെ അകലെ നീലാകാശം' ,'ഏഴിലം പാലപൂത്തു,', ' എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ', 'പൂമാനം പൂത്തുലഞ്ഞേ..', 'ഒന്നാംരാഗം പാടി '- ഇങ്ങനെ എടുത്തു പറയേണ്ട മനോഹരങ്ങളായ മൂവായിരത്തോളം പാട്ടുകളിൽ പലതും ശ്രീകുമാരൻതമ്പി എഴുതിയത് വയലാർ രാമവർമ്മയും പി.ഭാസ്ക്കരനും ഒ.എൻ.വി.കുറുപ്പും തിളങ്ങിനിന്ന കാലത്തുതന്നെയായിരുന്നു. അന്ന് താനെഴുതിയ പാട്ടുകളിൽ ചിലത് പ്രമുഖ ഗാനരചയിതാക്കളുടെ പേരിൽച്ചേർത്ത് പറയുന്നത് കണ്ട് തമ്പി നിസഹായനായി നിന്നിട്ടുണ്ട്. ഈ ചെറിയ പയ്യന് അങ്ങനെയൊക്കെ എഴുതാൻ കഴിയുമോയെന്നായിരുന്നു ചോദ്യം.

വളരെ ഫിലോസഫിക്കലായ ഒട്ടേറെ ഗാനങ്ങൾ ശ്രീകുമാരൻതമ്പി രചിച്ചിട്ടുണ്ട്. 'സുഖമെവിടെ... ദുഃഖമെവിടെ സ്വപ്നമരീചിക മാഞ്ഞുകഴിഞ്ഞാൽ,ആശയെവിടെ.. നിരാശയെവിടെ. ','സുഖമൊരു ബിന്ദൂ ,ദു:ഖമൊരു ബിന്ദു, ' 'കാലം മാറിവരും, കാറ്റിൻഗതി മാറും,' സ്വന്തമെന്ന പദത്തിനെന്തർത്ഥം, ,' കാലമൊരജ്ഞാത കാമുകൻ, ജീവിതമോ പ്രിയകാമുകി, ' അർത്ഥപൂർണമായ വരികൾ. ഈ പാട്ടിലെ മറ്റൊരു വരി ഇങ്ങനെ..'ആകാശപ്പൂവാടി തീർത്തു തരും - പിന്നെ, അതിനുള്ളിലരക്കില്ലം പണിഞ്ഞുതരും, അനുരാഗശിശുക്കളെയാ വീട്ടിൽ വളർത്തും,അവസാനം ദുഃഖത്തിൻ അഗ്നിയിലെരിക്കും, കഷ്ടം - സ്വപ്നങ്ങളീവിധം'. ' സ്വർഗമെന്ന കാനനത്തിൽ' ' ബന്ധുവാര് ശത്രുവാര് ..' തുടങ്ങിയ ഗാനങ്ങൾ പലതും ഈ ഗണത്തിൽപ്പെടുത്താം. കവിതകൾ ചൊല്ലിയുണർത്തുകയും ഉറക്കുകയും ചെയ്ത അമ്മയുടെ മകനാണ് ശ്രീകുമാരൻ തമ്പി. തന്നിലെ കവിയുടെ കടപ്പാട് അമ്മയോടാണെന്ന് തമ്പി പലതവണ പറഞ്ഞിട്ടുണ്ട്.

മലയാള സിനിമയിലെ അനശ്വര പ്രണയഗാനമായ 'ഹൃദയസരസിലെ പ്രണയപുഷ്പമേ, ഇനിയും നിൻ കഥ പറയൂ..' എന്ന പാട്ട് പുറത്തിറങ്ങിയിട്ട് 53 വർഷമാകുന്നു. ഇന്നും നിത്യഹരിതമായ ഗാനമായി അത് ശ്രോതാക്കൾ മനസിൽ കൊണ്ടുനടക്കുന്നു. ഒരു ഗാനരചയിതാവിന് ആഹ്ളാദിക്കാൻ ഇതിൽപ്പരം എന്തുവേണം? ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു എന്ന ഗാനത്തിൽ ആകൃഷ്ടയായി ജെനിഫർ നാസ് എന്ന ജർമ്മൻ വനിത ഒരിക്കൽ ശ്രീകുമാരൻതമ്പിയെ കാണാനെത്തി. ആ പാട്ടിനോടുള്ള പ്രണയത്താൽ അവർ ഇലഞ്ഞി കൈയിൽ പച്ചകുത്തുകയും ചെയ്തു. ഒന്നിനൊന്നുമികച്ച ഗാനങ്ങൾ രചിച്ചിട്ടും ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ മാത്രമേ തമ്പിയെ തേടിയെത്തിയുള്ളൂവെന്നത് വിചിത്രം. വിലയ്ക്കുവാങ്ങിയ വീണ, ലങ്കാദഹനം എന്നീ ചിത്രങ്ങളിലെ ഗാനരചനയ്ക്ക് 1971 ലും, നായികയിലെ ഗാനങ്ങൾക്ക് 2011 ലുമായിരുന്നു ഈ അവാർഡുകൾ ലഭിച്ചത്.

പതിനൊന്നാമത്തെ വയസിൽ കുന്നുംകുഴിയും എന്ന കവിതയും ' തോമാച്ചാ നീയെന്നെ മറക്കുമോ' എന്ന കഥയും എഴുതിയ ശ്രീകുമാരൻ തമ്പിയുടെ ആദ്യ കവിതാസമാഹാരത്തിന് അവതാരികയെഴുതിയത് വയലാറും കഥാസമാഹാരത്തിന് അവതാരിക എഴുതിയത് എം.ടിയുമായിരുന്നു.

ജീവിതത്തിൽ തന്റെ ഏറ്റവും വലിയ ആഘോഷം മകനായിരുന്നു എന്ന് ശ്രീകുമാരൻതമ്പി പറഞ്ഞിട്ടുണ്ട്. തമ്പിയുടെ അറുപത്തിയൊമ്പതാം വയസിലായിരുന്നു മകൻ രാജകുമാരൻ തമ്പിയുടെ അകാല വേർപാട്. അതോടെ പഴയ ശ്രീകുമാരൻ തമ്പിയും അവസാനിച്ചെന്ന് അന്നദ്ദേഹം പറഞ്ഞു.

'ദുഃഖമേ നിനക്കു പുലർകാല വന്ദനം ,കാലമേ നിനക്കഭിനന്ദനം, എന്റെ രാജ്യം കീഴടങ്ങി എന്റെ ദൈവത്തെ ഞാൻ വണങ്ങി..' 1970 ൽ ഇറങ്ങിയ പുഷ്പാഞ്ജലി എന്ന ചിത്രത്തിലെ ഈ ഗാനം ശ്രീകുമാരൻ തമ്പിയുടെ ജീവിതത്തോട് ചേർത്തുവായിക്കാം.

46 വർഷം മുമ്പ് തമ്പി എഴുതിയ 'മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന ഗാനം കഴിഞ്ഞദിവസം കേരള ഹൈക്കോടതി ഒരു വിധിന്യായത്തിൽ എടുത്തുപറഞ്ഞു. കാലാതിവർത്തിയായ ഗാനങ്ങളെഴുതിയ ശ്രീകുമാരൻ തമ്പിക്കുള്ള പൂച്ചെണ്ട് കൂടിയായിരുന്നു അത്. തമ്പിയുടെ ഗാനങ്ങൾ ഇന്നും ഇലഞ്ഞിപ്പൂമണം പരത്തി ഒഴുകിവരുന്നുണ്ട്. കാലമേ നിനക്ക് അഭിനന്ദനം.

Advertisement
Advertisement