യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Tuesday 27 July 2021 2:29 AM IST
കരുവന്നൂർ ബാങ്കിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച മാർച്ച് പൊലീസ് തടയുന്നു

ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിഷയത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിക്ഷേപകർക്ക് പണം തിരികെ നൽകുക, ആത്മഹത്യ ചെയ്ത മുകുന്ദന്റെ കുടുംബത്തിന് സഹായം നൽകുക, പ്രതികളുടെ സ്വത്ത് കണ്ട് കെട്ടി സഹകാരികളുടെ നിക്ഷേപം തിരികെ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കരുവന്നൂർ പാലം പരിസരത്ത് നിന്ന് രാവിലെ പത്തരയോടെയാണ് ബാങ്കിന്റെ മുന്നിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്.

കരുവന്നൂർ ബംഗ്ലാവ് പരിസരത്ത് വച്ച് മാർച്ച് ബാരിക്കേഡുകളുമായി പൊലീസ് തടഞ്ഞു. ബാരിക്കേഡിന് മുകളിലൂടെ പ്രവർത്തകർ കടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. പിന്നീട് പ്രവർത്തകർ റോഡിലിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥ് ഉദ്ഘാടനം ചെയ്തു.

സർക്കാരും പാർട്ടിയും ഒരുമിച്ച് നടത്തിയ രാജ്യം കണ്ട വലിയ കൊളളയാണ് കരുവന്നൂർ ബാങ്കിൽ നടന്നിരിക്കുന്നതെന്ന് ശബരീനാഥ് പറഞ്ഞു.

കൊള്ളക്ക് പിന്നിലെ സി.പി.എമ്മിലെ ഉന്നതരുടെ പങ്കും അന്വേഷിക്കേണ്ടതുണ്ട്. പരാതികൾ നേരത്തെ ഉയർന്നിട്ടും എന്ത് കൊണ്ട് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടില്ലെന്ന് മറുപടി പറയണമെന്നും മുൻ എം.എൽ.എ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ ജനീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ശോഭ സുബിൻ, വാണി പ്രയാഗ്, നിയോജക മണ്ഡലം പ്രസിഡന്റ് വിബിൻ വെള്ളയത്ത്, മറ്റ് നേതാക്കളൾ,​ ഡി.സി.സി സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട, ചേർപ്പ്, അന്തിക്കാട് തുടങ്ങി ആറോളം പൊലീസ് സ്റ്റേഷനുകളിൽ നിന്നും കെ.എ.പി, എ.ആർ ക്യമ്പുകളിൽ നിന്നുമായി 65 ഓളം വരുന്ന പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു.

Advertisement
Advertisement