ഇമ്രാൻ ഖാന് തലവേദനയായി പാക് അധിനിവേശ കാശ്‌മീരിലെ പ്രതിഷേധം; പാകിസ്ഥാൻ സൈന്യത്തിന് എതിരെ ശക്തമായ പ്രകടനം നടത്തി പ്രദേശവാസികൾ

Tuesday 27 July 2021 10:43 AM IST

ശ്രീനഗർ: കാശ്‌മീരിലെ പാകിസ്ഥാൻ അവകാശപ്പെടുന്ന ഭാഗങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഫലം വന്നതിന് പിന്നാലെ പാകിസ്ഥാൻ സൈന്യത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികളുടെ വലിയ പ്രകടനം.

ജൂലായ് 25ന് നടന്ന തിരഞ്ഞെടുപ്പിൽ ആകെ 53 സീറ്റുകളിൽ 45ലേക്കാണ് നേരിട്ട് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 25 സീറ്റുകൾ ഇമ്രാൻഖാന്റെ തെഹ്‌രീക്-ഇ-ഇൻസാഫ്(പിടിഐ) വിജയിച്ചു. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 11 ഇടങ്ങളിൽ വിജയിച്ചു. പാകിസ്ഥാൻ മുസ്ളീം ലീഗ് (പിഎംഎൽ-എൻ) ആറ് സീറ്റിലും വിജയിച്ചു.

തിരഞ്ഞെടുപ്പിൽ വ്യാപകമായി ഇമ്രാൻഖാന്റെ പാർട്ടി ഇടപെടൽ നടത്തിയതായാണ് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്. ഇതിനെ തുടർന്ന് തിരഞ്ഞെടുപ്പ് ഫലത്തിൽ അവർ തർക്കമുന്നയിച്ചിട്ടുണ്ട്. ജനങ്ങളെ വഞ്ചിക്കുന്ന പ്രഹസനമാണ് തിരഞ്ഞെടുപ്പെന്ന് പാക് അധിനിവേശ കാശ്‌മീ‌ർ പ്രധാനമന്ത്രി രാജാ ഫറൂക്ക് ഹൈദർ പറഞ്ഞു.

പിഎം‌എൽ-എൻ നേതാവ് മറിയം നവാസും തിരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചിട്ടില്ല. പിപിപി നേതാവ് ബിലാവൽ ഭൂട്ടോ സർദാരിയും തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിക്കുന്നു. ഗിൽജിത്ത്-ബാൾട്ടിസ്ഥാൻ പ്രദേശത്ത് തിരഞ്ഞെടുപ്പ് നടത്താനുള‌ള പാക് തീരുമാനത്തെ ഇന്ത്യ മുൻപ് തന്നെ എതിർത്തിരുന്നു. ശക്തമായ പ്രതിഷേധം ഇതിൽ ഇന്ത്യ അറിയിച്ചു. എന്നാൽ ഇമ്രാൻ ഖാൻ സർക്കാർ തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുകയും ജനങ്ങളിൽ നിന്ന് തന്നെ പ്രതിഷേധം നേരിടുകയുമായിരുന്നു.