പാപ്പരായി പ്രഖ്യാപിച്ചതിന് പിറകെ മല്യയ്‌ക്ക് ബാങ്കുകളും എൻഫോഴ്‌സ്മെന്റും ചേർന്ന് നൽകിയത് വൻ തിരിച്ചടി; പിടിച്ചെടുത്തത് 14,000കോടിയുടെ സ്വത്ത്

Tuesday 27 July 2021 11:52 AM IST

ന്യൂഡൽഹി: ബാങ്കുകളിൽ നിന്ന് വൻതുക വായ്‌പയെടുത്ത് തിരിച്ചടയ്‌ക്കാതെ ബ്രിട്ടണിലേക്ക് മുങ്ങിയ വ്യവസായ ഭീമൻ വിജയ്‌ മല്യയ്ക്ക് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കോടതിയിൽ നിന്ന് നേരിട്ടത് വലിയ തിരിച്ചടിയാണ്. മല്യയെ കോടതി പാപ്പരായി പ്രഖ്യാപിച്ചു.ഇതോടെ ബാങ്കുകളുടെ കൺസോർഷ്യത്തിന് മല്യയുടെ ആസ്‌തികൾ മരവിപ്പിക്കാനും കണ്ടുകെട്ടാനും അനുമതിയായി.

കോടതിയിൽ നേരിട്ട തിരിച്ചടിക്കെതിരെ ട്വിറ്ററിലൂടെ മല്യ തന്റെ അമർഷം വ്യക്തമാക്കി. താൻ കടം കൊടുത്തവ‌ർ തന്നെ പാപ്പരാക്കിയെന്ന് മല്യ ആരോപിച്ചു. ബാങ്കുകളുടെ ആവശ്യപ്രകാരം എൻഫോഴ്‌സ്മെന്റ് അധികൃതർ എന്റെ 14,000 കോടിയുടെ ആസ്തി കണ്ടുകെട്ടി. ബാങ്കുകളിൽ അടയ്‌ക്കാനുള‌ള 6200 കോടിക്ക് പകരമാണിത്. 9000 കോടി തിരിച്ച് പിടിക്കുകയും 5000 കോടി സെക്യൂരിറ്റിയായി പിടിച്ചെടുത്തു. ബാങ്കുകൾ എന്നെ പാപ്പരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ഇഡിയ്‌ക്ക് പണം നൽകാനാണ്.' മല്യ കുറിച്ചു.

വിജയ് മല്യയ്‌ക്കെതിരായ നിയമ യുദ്ധത്തിൽ ബാങ്കുകളുടെ വിജയമായിരുന്നു ബ്രിട്ടീഷ് കോടതി വിധി. മാത്രമല്ല പാപ്പരായുള‌ള വിധിക്കെതിരെ കോടതിയെ സമീപിക്കാനുള‌ള അവകാശവും മല്യയ്‌ക്ക് നിഷേധിച്ചു. സാമ്പത്തിക തട്ടിപ്പിന് ഇന്ത്യയിലേക്ക് നാട് കടത്താതിരുത്താൻ പലവഴിയിലൂടെ പോരാട്ടം തുടരുകയാണ് ബ്രിട്ടനിൽ മല്യ.