പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് പൊതുജനമദ്ധ്യത്തിൽ തുറന്നുകാട്ടണമെന്ന് പ്രധാനമന്ത്രി, സർക്കാർ  ചർച്ചയ്ക്കു  തയ്യാറെങ്കിലും പ്രതിപക്ഷം  വിട്ടുനിൽക്കുന്നെന്ന് ആരോപണം

Tuesday 27 July 2021 12:35 PM IST

ന്യൂഡൽഹി: പാർലമെന്റ് നടപടികൾ സ്ഥിരമായി തടസപ്പെടുത്തുന്ന പ്രതിപക്ഷ പാ‌ർട്ടികളുടെ നടപടികൾ പൊതുജനമദ്ധ്യത്തിൽ കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബി ജെ പി എംപിമാരോട് ആവശ്യപ്പെട്ട‌ു. പെഗാസസ് ഫോൺ ചോർത്തൽ, കർഷക സമരം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ പാർലമെന്റിന്റെ ഇരു സഭകളിലും പ്രക്ഷോഭത്തിലാണ്.

പ്രതിപക്ഷം പാർലമെന്റിൽ നടക്കുന്ന ഒരു ചർച്ചയിലും പങ്കെടുക്കുന്നില്ല. രാജ്യപുരോഗതിയിൽ ഭാഗമാകേണ്ട വ്യക്തികൾ ഇങ്ങനെ മാറിനിൽക്കുന്നത് ശരിയല്ലെന്നും ഇത്തരക്കാരെ പൊതുജനമദ്ധ്യത്തിൽ തുറന്നുകാട്ടണമെന്നും മോദി എം പിമാരോട് ആവശ്യപ്പെട്ടു. വിവാദ വിഷയങ്ങളെ സംബന്ധിച്ച് സർക്കാർ ചർച്ചയ്ക്കു തയ്യാറാണെങ്കിലും പ്രതിപക്ഷകക്ഷികളാണ് ചർച്ചയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്ററി പാർട്ടി മീറ്റിംഗിനിടെയാണ് മോദി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.

ഈ മാസം 19നാണ് ഒരിടവേളക്കു ശേഷം പാർലമെന്റിന്റെ ഇരു സഭകളും ചേർന്നത്. എന്നാൽ അന്നു മുതൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്. കഴിഞ്ഞ ദിവസം ഇരുപക്ഷവും പരസ്പരം മുദ്രാവാക്യം വിളികളുമായി അകത്തളം പ്രക്ഷുബ്ദമാക്കിയപ്പോൾ ലോക്സഭാ സ്പീക്കറിന് കർക്കശമായി സംസാരിക്കേണ്ടി വന്നിരുന്നു. മുദ്രാവാക്യം വിളിക്കുന്നതിൽ പരസ്പരം മത്സരിക്കാതെ ജനോപകാരപ്രദമായ പദ്ധതികൾ ചർച്ച് ചെയ്യാൻ ഈ വേദി ഉപയോഗിക്കണമെന്ന് അദ്ദേഹം ഇരുപക്ഷത്തുമുള്ള നേതാക്കന്മാരോട് ആവശ്യപ്പെട്ടിരുന്നു.