അങ്ങാടിപ്പുറത്തിന് ആശ്വാസം കുരുക്കഴിക്കാൻ ബൈപ്പാസ് വരും
പെരിന്തൽമണ്ണ: ഒരു വ്യാഴവട്ടം മുൻപ് 10 കോടി രൂപ അനുവദിച്ചെങ്കിലും സാങ്കേതിക കുരുക്കിൽ കുടുങ്ങിയ അങ്ങാടിപ്പുറത്തെ ഓവർ ബ്രിഡ്ജെന്ന സ്വപ്നത്തിന് വീണ്ടും ചിറകുകൾ മുളക്കുകയാണ്. അങ്ങാടിപ്പുറത്തേയും പെരിന്തൽമണ്ണയേയും ബന്ധിപ്പിക്കുന്ന ഓരാടം പാലം-മാനത്ത് മംഗലം ബൈപ്പാസ് സാങ്കേതിക തടസം പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് അങ്ങാടിപ്പുറം. സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിൽ ബൈപ്പാസ് പൂർത്തികരണം ചർച്ചയായെങ്കിലും തീരുമാനം നടപ്പായിരുന്നില്ല. പെരിന്തൽമണ്ണ അങ്ങാടിപ്പുറം പട്ടണങ്ങളുടെ ഗതാഗത പ്രശ്‌നം ശാശ്വതമായി പരിഹരിക്കാൻ 2009ൽ വിഭാവനം ചെയ്ത് 2010ൽ ഭരണാനുമതി ലഭിക്കുകയും 10 കോടി അനുവദിച്ച് അലൈൻമെന്റ് ഫിക്‌സ് ചെയ്ത് സർവേ പൂർത്തീകരിച്ച് സർവേ കല്ലുകൾ നാട്ടുകയും ചെയ്തിരുന്നു. സമ്മർദ്ദങ്ങളെ തുടർന്ന് അലെൻമെന്റിൽ മാറ്റം വരുത്താൻ നടത്തിയ ഇടപെടലുകളാണ് പദ്ധതി പിന്നീട് അനിശ്ചിതത്വത്തിലാക്കിയത്. ഉമ്മൻചാണ്ടി സർക്കാർ പദ്ധതി ഉപേക്ഷിച്ച മട്ടിൽ അങ്ങാടിപ്പുറത്ത് മിനി മേൽപ്പാലം നിർമ്മിച്ചു. മിനിമേൽപ്പാലത്തിന്റെ പ്രവൃത്തിയും മാനത്ത് മംഗലം ബൈപ്പാസിന്റെ പ്രവൃത്തിയും ഒരുമിച്ച് നടത്തുമെന്ന ഉമ്മൻചാണ്ടിയുടെ വാഗ്ദാനവും പാഴ്വാക്കായി.
4.04 കിലോമീറ്റർ നീളവും 24 മീറ്റർ വീതിയുമുള്ള ഒരാടം പാലത്ത് നിന്ന് തുടങ്ങി മാനത്ത് മംഗലം ബൈപ്പാസിൽ അവസാനിക്കുന്ന 25 ഏക്കർ സ്ഥലത്ത് കൂടിയുള്ള അലൈൻമെന്റിൽ 10 വീടുകൾ മാത്രമാണ് ജനവാസ കേന്ദ്രമായുളളത്. ഈ അലൈൻമെന്റിൽ മാറ്റം വരുത്തുന്നതോടെ നിരവധി വീടുകളും തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഭഗവതി കണ്ടവും ഏറ്റെടുക്കേണ്ടിവരും. നിലവിൽ ഫിക്‌സ് ചെയ്ത അലൈൻമെന്റ് പ്രകാരം തന്നെ ബൈപ്പാസ് പ്രവർത്തി നടത്താനും സാങ്കേതിക നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനും പദ്ധതി പ്രദേശം സന്ദർശിച്ച മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പ് നൽകിയിരുന്നു. റെയിൽവേ നിർദ്ദേശിച്ച പ്രകാരം പി.ഡബ്ല്യു.ഡി സമർപ്പിച്ച ഏഴു കണ്ണി പാലത്തിന് മുകളിലൂടെയുള്ള റെയിൽവെ ഓവർബ്രിഡ്ജിനുള്ള അനുമതി വേഗത്തിലാക്കലാണ് ആദ്യഘട്ടം. ഇതോടൊപ്പം ഭൂമി ഏറ്റെടുക്കുന്നതിനും നഷ്ട പരിഹാരം നൽകലും വേഗത്തിലാക്കണം.