പൂജാ സമയത്ത് ജീൻസ് ധരിച്ചു; മുത്തച്ഛനും അമ്മാവന്മാരും ചേർന്ന് പതിനേഴുകാരിയെ മർദ്ദിച്ച് കൊലപ്പെടുത്തി

Tuesday 27 July 2021 2:31 PM IST

ലക്നൗ: പൂജാ സമയത്ത് പെൺകുട്ടി ജീൻസ് ധരിച്ചുവെന്ന് ആരോപിച്ച് ബന്ധുക്കൾ മ‌ർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഡിയോറിയയിലെ സാവ്റേജി ഗാർഗ് എന്ന ഗ്രാമത്തിലാണ് സംഭവം. മുത്തച്ഛന്റെയും അമ്മാവന്മാരുടെയും അടിയേറ്റ പതിനേഴുകാരിയായ നേഹ പസ്വാൻ ബോധം കെട്ടു. ആശുപത്രിയിൽ കൊണ്ടുപോകാനായി പെൺകുട്ടിയെഓട്ടോയിൽ കയറ്റിയ ഇവ‌ർ നേഹയെ അടുത്തുള‌ള പാലത്തിൽ ഉപേക്ഷിച്ചു. ഇവിടെ വച്ച് കുട്ടി മരിച്ചു.

സംഭവത്തെ കുറിച്ച് നേഹയുടെ അമ്മ ശകുന്തള പറഞ്ഞത് ഇങ്ങനെ. കുടുംബത്തിലെ വ്രതാനുഷ്‌ഠാനത്തിന്റെ ഭാഗമായി പൂജയുണ്ടായിരുന്നു. ഈ സമയം പെൺകുട്ടി ജീൻസ് ധരിച്ചെത്തി. ഇതിൽ ദേഷ്യപ്പെട്ട ബന്ധുക്കൾ ജീൻസ് മാറ്റാനാവശ്യപ്പെട്ടു. എന്നാൽ കുട്ടി തയ്യാറായില്ല. ദേഷ്യം തോന്നിയ അവർ വടികൊണ്ട് കുട്ടിയെ അടിച്ച് ബോധം കെടുത്തി. പിന്നെ ആശുപത്രിയിൽ കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് കുട്ടിയെയും കൊണ്ട് പോയി. എന്നാൽ ആശുപത്രികളിൽ അന്വേഷിച്ചപ്പോൾ നേഹ അവിടെ എത്തിയിട്ടില്ല എന്നറിഞ്ഞു. തുടർന്നാണ് ഗാണ്ഡക് നദിയുടെ കുറുകെയുള‌ള പാലത്തിൽ കുട്ടിയുടെ ശരീരം തലകീഴായി തൂങ്ങിക്കിടക്കുന്നത് കണ്ടത്.

സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛനെയും മറ്റ് ബന്ധുക്കളെയും പ്രതിയാക്കി പൊലീസ് കേസെടുത്തു. ഓട്ടോ ഡ്രൈവ‌ർ ഉൾപ്പടെ നാലുപേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.