രാജ്യത്ത് കുട്ടികൾക്കുള‌ള വാക്‌സിൻ അടുത്ത മാസത്തോടെയെത്തിക്കാൻ കേന്ദ്രം; കൊവാക്‌സിൻ അന്തിമഘട്ട പരീക്ഷണത്തിൽ

Tuesday 27 July 2021 3:27 PM IST

ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്കുള‌ള കൊവിഡ് പ്രതിരോധ വാക്‌സിൻ അടുത്തമാസത്തോടെ വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷ പങ്കുവച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ വിവരം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗത്തിലാണ് ആരോഗ്യമന്ത്രി ഈ വിവരം പുറത്തുവിട്ടത്.

നിലവിൽ ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ പരീക്ഷണം രണ്ട് മുതൽ ആറ് വയസുവരെയുള‌ള കുട്ടികളിൽ നടത്തുകയാണ്. ഇതിന്റെ ഫലം സെപ്‌തംബർ മാസത്തോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞയാഴ്‌ച ഡൽഹി എയിംസ് ഡയറക്‌ടർ ‌‌ഡോ. രൺദീപ് ഗുലേരിയ അറിയിച്ചിരുന്നു.

മേയ് 12നാണ് കുട്ടികളിലെ വാക്‌സിൻ പരീക്ഷണത്തിന് ഡിസിജിഐ അനുമതി നൽകിയത്. രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങൾക്കായിരുന്നു അനുമതി. ജൂൺ ഏഴിന് ഡൽഹി എയിംസ് ഇതിനായുള‌ള രണ്ട് വയസിനും 17 വയസിനുമിടയിലെ കുട്ടികളെ തിരഞ്ഞെടുത്ത് തുടങ്ങി. കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ച് വിഭാഗമായി തിരിച്ചാണ് പരീക്ഷണം നടത്തുക. ആകെ 175 കുട്ടികളിലാണ് പരീക്ഷണം നടത്തുക. തുടർന്ന് ഒരു ഇടക്കാല റിപ്പോർട്ട് പുറത്തുവിടും. ഇതിൽ കുട്ടികൾക്ക് വാക്‌സിൻ ഫലപ്രദമാണോയെന്നറിയാം.

കൊവാക്‌സിന് പുറമേ സൈഡസ് കാഡിലയുടെ വാക്‌സിനും കുട്ടികൾക്ക് വേണ്ടി തയ്യാറാകുന്നുണ്ട്. ഇതിന്റെ പരീക്ഷണങ്ങൾ നടക്കുകയാണ്.