വീട്ടുജോലി ചെയ്യാൻ അച്ഛൻ മകനോട് ആവശ്യപ്പെട്ടു, കലിപൂണ്ട പതിനാലുകാരൻ ചെയ്തത്

Tuesday 27 July 2021 8:22 PM IST

ബീജിംഗ്: വീട്ടുജോലിയിൽ സഹായിക്കാൻ ആവശ്യപ്പെട്ട അച്ഛനെതിരെ ബാലവേല ആരോപിച്ച് മകൻ പൊലീസിൽ പരാതി നൽകി. ചൈനയിലെ അൻഹുയ് പ്രവിശ്യയിലാണ് സംഭവം നടന്നത്. പതിനാലുകാരനാണ് അച്ഛനെ എത്രയുംപെട്ടെന്ന് അറസ്റ്റുചെയ്ത് ജയിലിലാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്.

എപ്പോഴും സ്മാർട്ട്ഫോണിൽ നോക്കിയിരിക്കുകയാണ് പതിനാലുകാരന്റെ പ്രധാന ജോലി. ഇങ്ങനെയിരുന്നാൽ മകന്റെ ഭാവി അവതാളത്തിലാകുമെന്ന് ഭയന്ന് അവനെ നേർവഴിക്ക് നടത്താൻ അച്ഛൻ ശ്രമിച്ചതാണ് പ്രശ്നമായത്. ഫോൺ മാറ്റിവച്ച് പഠനത്തിൽ ശ്രദ്ധിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഫലമില്ലെന്ന് കണ്ടതോടെ ബലം പ്രയോഗിച്ച് ഫോൺ പിടിച്ചുവാങ്ങി. തുടർന്ന് വീട്ടുജോലിൽ സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് പതിനാലുകാരന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു.

അച്ഛന്റെ കണ്ണുവെട്ടിച്ച് വീടിന് പുറത്തിറങ്ങിയാണ് പതിനാലുകാരൻ സ്റ്റേഷനിലെത്തിയത്. തന്നെ ജോലിചെയ്യാൻ പ്രേരിപ്പിച്ചത് നിയമത്തിന് എതിരാണെന്നും അച്ഛന്റെ പ്രവൃത്തി ബാലവേലയായി കാണണമെന്നുമായിരുന്നു പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. ബാലവേലയ്ക്ക് അച്ഛൻ ബലംപ്രയോഗിച്ച് പ്രേരിപ്പിക്കുന്നു എന്നും കുട്ടി പൊലീസിനെ ധരിപ്പിച്ചു.

പരാതി വിശ്വസിച്ച പൊലീസ് ഉടൻ കുട്ടിയെയും കൂട്ടി വീട്ടിലെത്തി. പരാതിയെക്കുറിച്ച് രക്ഷിതാക്കളാേട് പറഞ്ഞശേഷം അച്ഛനെതിരെ കേസെടുക്കുകയാണെന്നും അറിയിച്ചു. ഞെട്ടിപ്പോയ രക്ഷിതാക്കൾ നടന്ന സംഭവങ്ങൾ പൊലീസിനെ ധരിപ്പിച്ചു. കാര്യങ്ങൾ അറിഞ്ഞപ്പോൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി പൊലീസ്. ഒടുവിൽ മകനെ നന്നാക്കാൻ ശ്രമിച്ച പിതാവിനെ അഭിനന്ദിച്ചശേഷം അവർ സ്ഥലംവിട്ടു. പോകുന്നതിനുമുമ്പ് അവനെ ശക്തമായി താക്കീതുചെയ്യുകയും ചെയ്തു.