ജിയോളജി ഓഫീസിൽ പൂഴ്‌ത്തി വച്ച 315 ഫയലുകൾ പിടിച്ചെടുത്തു

Wednesday 28 July 2021 12:00 AM IST

കോട്ടയം: ജിയോളജി ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒരു വർഷത്തിലേറെയായി പൂഴ്‌ത്തിവച്ച 315 ഫയലുകൾ വിജിലൻസ് പിടിച്ചെടുത്തു. മണ്ണെടുക്കുന്നതിനും വീട് നിർമ്മാണത്തിനും അടക്കമുള്ള അപേക്ഷകളാണ് പൂഴ്‌ത്തി വച്ചിരുന്നത്. ഇതിൽ ഏഴുവർഷം വരെ പുറംലോകം കാണാത്തവയുണ്ട്. കൈക്കൂലിയ്‌ക്കു വേണ്ടിയാണ് ഇവ പൂഴ്‌ത്തി വച്ചതെന്നു കണ്ടെത്തി.

വിജിലൻസ് ഇൻസ്‌പെക്ടർ കെ.ആർ മനോജ്, എ.എസ്.ഐമാരായ സജു എസ്.ദാസ്, ഷാജി, ബിനു ഡി, രാജേഷ്, സിവിൽ പൊലീസ് ഓഫീസർ അനൂപ്, വിജേഷ്, ടാക്‌സ് ഓഫീസർ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മണ്ണ് ഖനനത്തിന് അടക്കം പെർമിറ്റ് അനുവദിക്കുന്നതിൽ വലിയ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വകുപ്പിന് റിപ്പോർട്ട് സമർ‌പ്പിക്കുമെന്ന് വിജിലൻസ് സംഘം അറിയിച്ചു.

ജിയോളജിസ്റ്റിനു നൽകുന്നതിനായി ഫയൽ നമ്പർ രേഖപ്പെടുത്തിയ കവറിൽ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയും പിടികൂടി. സമീപത്തെ ബേക്കറിയിലൂടെയാണ് കൈക്കൂലി സമാഹരിച്ചിരുന്നതെന്നാണ് വിജിലൻസിനു ലഭിച്ച വിവരം.

Advertisement
Advertisement