ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇടപെട്ടു : കാസർകോട് ആദ്യം പിൻവലിച്ചു

Tuesday 27 July 2021 9:16 PM IST

കാസർകോട്: വാക്സിനേഷൻ നടത്താൻ ആർ .ടി .പി. സി .ആർ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കാസർകോട് ജില്ലാതല കോർ കമ്മറ്റിയുടെ തീരുമാനം നടപ്പിലാക്കുന്നതിൽ കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഇളവുവരുത്തി. ഇത്തരം ഉത്തരവ് ഇറക്കിയെങ്കിൽ ഉടൻ പിൻവലിക്കണമെന്ന ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശിച്ചതിനെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്.

മുമ്പ് ഇത്തരമൊരു തീരുമാനം കൈക്കൊള്ളാൻ ആലോചന നടത്തിയപ്പോൾ തന്നെ ബന്ധപ്പെട്ട ഉന്നത അധികാരികൾ അത് നിരുത്സാഹപ്പെടുത്തിയിരുന്നു. വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നതാണ്. കണ്ണൂർ ജില്ലയിലെ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് കാസർകോട് ജില്ലയിലും കോർ കമ്മറ്റി തീരുമാനം എടുത്തത് '.ആദ്യഡോസ് കൊവിഡ് വാക്സിനേഷന് നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്ന നിർദേശം തുടരുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ജില്ല കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് 'കേരള കൗമുദി'യോട്പറഞ്ഞു .ജില്ലയിൽ പരിശോധന വർദ്ധിപ്പിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആദ്യ ഡോസ് വാക്സിനേഷൻ സ്വീകരിക്കുന്നവർ 15 ദിവസം മുമ്പുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശം നൽകിയത്. അതിന് സാധിക്കാത്തവർക്ക് വാക്സിനേഷൻ സെന്ററിൽ ആന്റിജൻ ടെസ്റ്റിന് സൗകര്യവും ഏർപ്പെടുത്തിയിരുന്നുവെന്ന് കളക്ടർ വ്യക്തമാക്കി.

Advertisement
Advertisement