ട്രാക്ടർ റാലി: രാഹുലിനെതിരെ കേസെടുക്കാൻ നീക്കം

Wednesday 28 July 2021 12:00 AM IST

ന്യൂഡൽഹി: കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം പാർലമെന്റിലേക്ക് ട്രാക്ടർ ഓടിച്ചെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ നീക്കം. നിരോധനാജ്ഞയുള്ള അതീവ സുരക്ഷാ മേഖലയിൽ ട്രാക്ടർ പോലുള്ള വാഹനങ്ങൾക്ക് വിലക്കുണ്ട്. അത് ലംഘിച്ചതിന് മോട്ടോർ വാഹന നിയമപ്രകാരവും കേസെടുത്തേക്കുമെന്നാണ് സൂചന. ട്രാക്ടർ കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് രാഹുലിന് ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല, യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ബി.വി. ശ്രീനിവാസ് എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു.

രാഹുൽഗാന്ധിക്കെതിരെ കേസെടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണഗോപാൽ എം.പി പറഞ്ഞു. പ്രതികൂല കാലാവസ്ഥയിൽ മാസങ്ങളായി രാജ്യതലസ്ഥാനത്ത് സമരം നടത്തുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രാഹുൽഗാന്ധി ട്രാക്ടറിൽ പാർലമെന്റിലെത്തിയത്. പ്രതീകാത്മകമായ ആ പ്രതിഷേധം പോലും മോദി സർക്കാരിന്റെ ഉറക്കം കെടുത്തിയെന്ന് തെളിഞ്ഞതായി കെ.സി. വേണുഗോപാൽ പറഞ്ഞു.

Advertisement
Advertisement