അസാം പൊലീസുകാരുടെ കൊലപാതകം: പ്രതിഷേധം ശക്തം: ഷായെ കുറ്റപ്പെടുത്തി രാഹുൽ

Wednesday 28 July 2021 12:53 AM IST

ഗുവാഹത്തി: അസാം - മിസോറം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ അഞ്ച് അസാം പൊലീസുകാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ അസാം സർക്കാർ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളിൽ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. എസ്.ഐ സ്വപൻ റോയി, കോൺസ്റ്റബിൾമാരായ ലിറ്റൻ ശുക്ലബൈദ്യ, എം.എച്ച്. ബർഭുയ്യ, എൻ.ഹുസൈൻ, എസ്.ബർഭുയ്യ എന്നിവരാണ് കൊല്ലപ്പെട്ടത്.

നിർഭാഗ്യ സംഭവങ്ങൾക്ക് ശേഷം മിസോറം പൊലീസുകാർ ആഘോഷം നടത്തിയത് ദുഃഖകരവും നടുക്കമുളവാക്കുന്നതുമാണെന്ന്​ മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ പ്രതികരിച്ചു. പൊലീസുകാരെ കൊലപ്പെടുത്തുകയും നിരവധിപ്പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം എങ്ങനെയാണ്​ ഗുണ്ടകൾക്കൊപ്പം ചേർന്ന്​ ആഘോഷിക്കുകയെന്ന്​ മുഖ്യമന്ത്രി ചോദിച്ചു.

അസാമിലെ കച്ചർ, മിസോറമിലെ കൊലസിബ് ജില്ലകൾക്കിടയിലുള്ള അതിർത്തിയിലെ

നദിക്കരയിൽ മിസോറംകാരായ പ്രദേശവാസികൾ താമസിച്ചിരുന്ന 8 കുടിലുകൾ ഞായറാഴ്ച രാത്രി തകർത്തതാണ് ഏറ്റുമുട്ടലിന് വഴിവച്ചത്. കച്ചർ ജില്ലാ പൊലീസ് മേധാവിയടക്കം 60ഓളം പൊലീസുകാർക്ക് പരിക്കേറ്റു.

ലൈലാപൂർ അതിർത്തിയിലുള്ള സുരക്ഷാവിഭാഗത്തിന് നേരെ മിസോറം പക്ഷത്തെ സാമൂഹിക ദ്രോഹികൾ കല്ലെറി‍ഞ്ഞത് സംഘർഷത്തിലേക്ക് നയിച്ചുവെന്നാണ് അസാം പൊലീസ്​ പറയുന്നത്.

എന്നാൽ 200ഓളം അസാം സായുധ പൊലീസ്​ സംഘം അതിർത്തി കടന്ന്​ കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നുവെന്നും അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും മിസോറമും കുറ്റപ്പെടുത്തി. തുടർന്നാണ്​ വെടിവയ്പുണ്ടായത്​.

 അമിത്ഷായെ കുറ്റപ്പെടുത്തി രാഹുൽ

സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആളുകളുടെ ജീവിതത്തിൽ വിദ്വേഷവും അവിശ്വാസവും കുത്തിനിറച്ച് അദ്ദേഹം രാജ്യത്തെ പരാജയപ്പെടുത്തിയെന്നും ഇന്ത്യ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുകയാണെന്നും രാഹുൽ പറഞ്ഞു.