'നിർഭാഗ്യങ്ങളുടെ വസതിയിൽ' താമസമുറപ്പിച്ച് ഉത്തരാഖണ്ഡ് മുഖ്യൻ

Wednesday 28 July 2021 12:22 AM IST

ഡെറാഡൂൺ: പത്ത് ഏക്കറിൽ സർവ സജ്ജീകരണങ്ങളോടും കൂടിയ ആഡംബര ബംഗ്ളാവ്. ഡെറാഡൂണിലെ കാന്റ് റോഡിലെ ഈ 'കൊട്ടാരം' ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക വസതിയാണ്. പക്ഷേ, കഴിഞ്ഞ ഏതാനും വർഷങ്ങളായി മുഖ്യമന്ത്രിമാരാരും തിരിഞ്ഞുനോക്കാറില്ലെന്ന് മാത്രം. വാസ്തുദോഷം, ദൗർഭാഗ്യം, ശാപം തുടങ്ങി ഇവിടെ താമസിച്ചാൽ മുഖ്യമന്ത്രി പദത്തിൽ കാലാവധി തികയ്ക്കാനാവില്ലെന്നുമുള്ള അന്ധവിശ്വാസങ്ങളാണ് കാരണം.

എന്നാൽ നിലവിൽ മുഖ്യമന്ത്രി പുഷ്കർസിംഗ് ധാമി ഇതിലൊന്നും കുലുങ്ങുന്നയാളല്ല. തന്റെ മുൻഗാമി തീരഥ്സിംഗ് റാവത്ത് പോലും ശാപഗ്രസ്തമെന്നു പറഞ്ഞ് ഉപേക്ഷിച്ച കെട്ടിടത്തിൽ താമസമാക്കി, കടുത്ത മതവിശ്വാസിയാണെങ്കിലും അന്ധവിശ്വാസിയല്ല താനെന്ന് തെളിയിച്ചിരിക്കയാണ് ധാമി.

തിങ്കളാഴ്ച കുടുംബസമേതം നിരവധി പൂജകൾ നടത്തിയ ശേഷമാണ് ധാമി 'ഔദ്യോഗിക' വസതിയിൽ പ്രവേശിച്ചത്. 'നെഗറ്റീവ് എനർജിയെ അകറ്റി നിറുത്താനാണിതെന്നാണ്' അദ്ദേഹം പറഞ്ഞത്. ശേഷം പശുത്തൊഴുത്തിലിൽ എത്തി അവിടെയും പ്രത്യേക ഗോപൂജ നടത്തി.

പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും 'ഇത്ര നല്ല കെട്ടിടം വെറുതേ പാഴാക്കിയിടുന്നത് ശരിയല്ലെന്നാണ്' അദ്ദേഹത്തിന്റെ വാദം.

നിർഭാഗ്യങ്ങളുടെ വസതി
ഈ ബംഗ്ലാവിൽ താമസിച്ച മുഖ്യമന്ത്രിമാർക്ക് അവരുടെ കാലാവധി പൂർത്തിയാക്കാനായില്ലെന്നതാണ് ഐതീഹ്യം. അതിനാലിതിനെ 'നിർഭാഗ്യവതി' എന്നാണ് വിളിക്കുന്നത്.
മുൻ മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് ഔദ്യോഗിക വസതി ഒഴിവാക്കി, പകരം ഇവിടം 'കൊവിഡ് കെയർ സെന്റർ' ആക്കാനാണ് ആഗ്രഹിച്ചത്. എന്നിട്ടും അദ്ദേഹത്തിന് നാലുമാസം കഴിഞ്ഞപ്പോൾ രാജിവയ്ക്കേണ്ടി വന്നു.

ഇവിടെ താമസിച്ച മുഖ്യമന്ത്രിമാരായ രമേശ് പൊഖ്രിയാൽ നിഷാങ്ക്, മേജർ ജനറൽ ബിസി ഖണ്ടൂരി (റിട്ട.), വിജയ് ബാഹുഗുണ, ത്രിവേന്ദ്ര സിംഗ് റാവത്ത് എന്നിവർക്ക് പദവിയിൽ കാലാവധി പൂർത്തിയാക്കാനായില്ല.

ബംഗ്ളാവിൽ താമസമാക്കിയ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു നിഷാങ്ക്. അതിനുശേഷം താമസിച്ച വിജയ് ബാഹുഗുണ രണ്ടുവർഷം തികച്ചില്ല. 2017 ൽ ത്രിവേന്ദ്ര സിംഗ് റാവത്ത് ഭാഗ്യദോഷങ്ങളെ തള്ളക്കളഞ്ഞ്, നിരവധി പൂജകളും ഹോമങ്ങളും നടത്തിയശേഷം ബംഗ്ലാവിലേക്ക് മാറി. എന്നാൽ നാലുവർഷത്തെ ഭരണത്തിന് ശേഷം അദ്ദേഹത്തിനും പടിയിറങ്ങേണ്ടിവന്നു.
വിജയ് ബാഹുഗുണയിൽ നിന്ന് ചുമതലയേറ്റ ഹരീഷ് റാവത്ത് ബംഗ്ലാവിൽ നിന്ന് മാറി 500 മീറ്റർ അകലെയുള്ള ബിജാപൂർ ഗസ്റ്റ് ഹൗസാണ് ഔദ്യോഗിക വസതിയാക്കിയത്.
എൻ.ഡി. തിവാരി മാത്രമാണ് അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ഉത്തരാഖണ്ഡിലെ ഏക മുഖ്യമന്ത്രി.

60 മുറികളും നീന്തൽക്കുളവും പരമ്പരാഗത 'പഹാരി" രീതിയിൽ 2010ൽ നിർമ്മിച്ച ബംഗ്ളാവിൽ 60 മുറികളാണുള്ളത്. കൊട്ടാരസമാനമായ കെട്ടിടത്തിൽ ബാഡ്മിന്റൺ കോർട്ട്, സ്വിമ്മിംഗ് പൂൾ, പലതരം പുൽത്തകിടികൾ, മുഖ്യമന്ത്രിക്കും സംഘത്തിനുമായി നിരവധി ഓഫീസ് മുറികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

Advertisement
Advertisement