മഞ്ഞുരുകുന്നു: ചർച്ചകൾ പുനരാരംഭിച്ച് ഇരുകൊറിയകളും

Wednesday 28 July 2021 12:00 AM IST

സോൾ: ഏറെ നാളായി ശത്രുതയിൽ കഴിയുന്ന അയൽരാജ്യങ്ങളായ ഉത്തരകൊറിയയം ദക്ഷിണകൊറിയയും നയ തന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ആശയ വിനിമം പുനസ്ഥാപിച്ചതായി റിപ്പോർട്ട്. ഉത്തര കൊറിയയുമായുള്ള യു.എസ് ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇരു കൊറിയകളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയും പരസ്പര ആശയ വിനിമയം പൂർണ്ണമായി നിറുത്തിവയ്ക്കുകയും ചെയ്തിരുന്നു.

ഏപ്രിൽ മാസം മുതൽ എഴുതിയ കത്തുകളുടെ ഫലമായാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേയും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിൽ ആശയവിനിമയം പുനരാരംഭിക്കാൻ ധാരണയായതായി ദക്ഷിണ കൊറിയൻ സർക്കാർ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ പരസ്പര വിശ്വാസം വളർത്താനും ബന്ധം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നും ദക്ഷിണ കൊറിയൻ വക്താവ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ ഇരുരാജ്യങ്ങളും തമ്മിൽ ആശയവിനിമയം പുനരാരംഭിച്ചതായി ഉത്തര കൊറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിസന്ധികൾ മറികടന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വീണ്ടെടുക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് കരുതുന്നത്.

സംയുക്ത സാമ്പത്തിക നീക്കങ്ങളിൽ നിന്ന് ദക്ഷിണ കൊറിയ പിന്നോട്ടു പോയതും ഉത്തരകൊറിയക്കെതിരായ ഉപരോധം നീക്കാൻ യുഎസിനോട് ദക്ഷിണ കൊറിയ ആവശ്യപ്പെടാത്തതും മൂലം ഉത്തരകൊറിയ , ദക്ഷിണകൊറിയയുമായുള്ള എല്ലാ വിധ ബന്ധങ്ങളും ഏകപക്ഷീയമായി വിച്ഛേദിക്കുകയായിരുന്നു.

കൊവിഡും വെള്ളപ്പൊക്കവും മൂലം ഉത്തരകൊറിയൻ സമ്പദ്‌വ്യവസ്ഥ പരുങ്ങലിലായതിനാൽ ദക്ഷിണ കൊറിയയുമായുള്ള ആശയ വിനിമയത്തിന് കിം ജോങ് ഉൻ തന്നെ മുൻകൈ എടുത്തതായാണ് വിവരം.

Advertisement
Advertisement