ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ: സഭയിൽ വാക്പോര്

Wednesday 28 July 2021 12:03 AM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ജനജീവിതം ദുസ്സഹമാകുന്നതിനെച്ചൊല്ലി നിയമസഭയിൽ രൂക്ഷമായ വാക്പോര്. സർക്കാരിന്റെ കൊവിഡ് പ്രതിരോധം പൊളിഞ്ഞുപാളീസായെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയപ്പോൾ നല്ല സാമ്പത്തിക പിന്തുണയാണ് നൽകുന്നതെന്നും ഇനിയും തുടരുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിരിച്ചടിച്ചു. നിയന്ത്രണങ്ങൾ നല്ലതിന് വേണ്ടിയാണെന്നും തത്കാലം പിൻവലിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ആരോപണ, പ്രത്യാരോപണങ്ങൾ രണ്ടുമണിക്കൂറോളം നീണ്ടു.

പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

ഇരുപതിനായിരം കോടിയുടെ പാക്കേജും 55 ലക്ഷം പേർക്ക് സാമൂഹ്യക്ഷേമ പെൻഷനും 85 ലക്ഷം പേർക്ക് ഭക്ഷ്യകിറ്റും പെൻഷൻ കിട്ടാത്തവർക്ക് ആയിരം രൂപയുടെ ആശ്വാസ ധനവും അടക്കം നിരവധി സഹായങ്ങൾ സർക്കാർ നൽകിയെന്ന് ധനമന്ത്രി പറഞ്ഞു. നടപ്പ് ബഡ്ജറ്റിലും നിരവധി കൊവിഡ് ആശ്വാസ നടപടികളുണ്ട്. കഴിഞ്ഞ മാസം മാത്രം 15000 കോടിയാണ് ജനങ്ങളുടെ കൈയിലേക്ക് എത്തിച്ചത്. ഒാണക്കാലത്ത് കൂടുതൽ പണമെത്തിക്കാൻ നടപടിയെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.

തുടർച്ചയായി കടകളടച്ചും ജനത്തെ പുറത്തിറങ്ങാൻ സമ്മതിക്കാതെയുമുള്ള നിയന്ത്രണങ്ങൾ മൂലം ജനങ്ങളുടെ കൈയിൽ കാശ് എന്ന സാധനമില്ലെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഇളവുകൾ നൽകണം. അത് ശാസ്ത്രീയമായിരിക്കണം. ഒരുകൈ കൊണ്ട് ഫൈൻ വാങ്ങുകയും മറുകൈ കൊണ്ട് ഭക്ഷ്യകിറ്റ് കൊടുക്കുകയും ചെയ്തതുകൊണ്ടായില്ല. സാമ്പത്തിക പിന്തുണ നൽകണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സർക്കാരിന് ഒന്നിലും സാമാന്യധാരണയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.കൊവിഡാനന്തര സാഹചര്യം പഠിച്ച് നടപടിയെടുക്കാൻ പ്രത്യേക കമ്മിഷനുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു ചുരുങ്ങിയത് ഒാരോ റേഷൻ കാർഡുടമയ്ക്കും അയ്യായിരം രൂപയെങ്കിലും സർക്കാർ നേരിട്ട് നൽകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 രാഷ്ട്രീയം മാറ്റിവച്ച് ഇറങ്ങണം: മുഖ്യമന്ത്രി

നാട് എന്തോ ആയിക്കോട്ടെ എന്ന ചിന്തയാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചികിത്സ, ഭക്ഷണം, മരുന്ന്, സുരക്ഷിതത്വം, രോഗവ്യാപനം ചെറുക്കൽ, സാമ്പത്തിക പിന്തുണ തുടങ്ങിയവയെല്ലാം ജനങ്ങൾക്ക് ഉറപ്പാക്കി. വാക്സിനേഷനിലും കേരളമാണ് മുന്നിൽ. ജനസാന്ദ്രതയും പ്രായമായവരുടെ എണ്ണകൂടുതലും ജീവിതശൈലീരോഗങ്ങളുടെ ആധിക്യവുമാണ് രോഗവ്യാപനം കുറയാതിരിക്കുന്നതിന് കാരണം. കൊവിഡിനെ ചെറുക്കാൻ കുറ്റംപറയുകയല്ല, കേന്ദ്രത്തിൽനിന്ന് ആനുകൂല്യങ്ങൾ നേടിയെടുക്കാനും രോഗത്തെ ചെറുക്കാനും രാഷ്ട്രീയം മാറ്റിവച്ച് ഇറങ്ങുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.